'അവന്‍ മികച്ച താരം, പക്ഷെ'; അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യിൽ വൈഭവിനെ പുറത്തിരുത്താനുള്ള കാരണം വ്യക്തമാക്കി ശ്രേയസ്

Published : Jun 26, 2026, 06:32 PM IST
Shreyas Iyer-Vaibhav Sooryavanshi

Synopsis

ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നെങ്കില്‍ 15 വയസ്സും 91 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ (പുരുഷ-വനിതാ ടീമുകളിൽ) അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കുമായിരുന്നു.

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് 15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ വൈഭവ് ഇടംപിടിച്ചില്ല. ബെൽഫാസ്റ്റിൽ അയര്‍ലന്‍ഡിനെതിരെ ടോസ് ജയിച്ച് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് വൈഭവ് ആദ്യ മത്സരത്തിൽ കളിക്കുന്നില്ലെന്ന വിവരം നായകൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയത്.

ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നെങ്കില്‍ 15 വയസ്സും 91 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ (പുരുഷ-വനിതാ ടീമുകളിൽ) അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കുമായിരുന്നു. നിലവിൽ വനിതാ താരങ്ങളില്‍ ഷഫാലി വർമ്മയും (15 വയസ്സും 239 ദിവസവും), പുരുഷ താരങ്ങളില്‍ സച്ചിൻ ടെൻഡുക്കൽക്കറുമാണ് (16 വയസ്സും 205 ദിവസവും) ഇന്ത്യക്കായി അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍.

ടോസ് സമയത്ത് വൈഭവിന്‍റെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞത് നിർഭാഗ്യവശാൽ വൈഭവ് ഇന്ന് കളിക്കുന്നില്ലെന്നായിരുന്നു. അവൻ മികച്ച കളിക്കാരനാണ് എന്നതിൽ തർക്കമില്ല. പക്ഷേ, ഇതിനകം ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ചില മികച്ച കളിക്കാർ നമുക്കൊപ്പമുണ്ട്. ഞങ്ങൾ അവർക്ക് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ശരിയായ സമയം വരുമ്പോൾ വൈഭവിന് തീർച്ചയായും അവസരം ലഭിക്കുമെന്നും ശ്രേയസ് വ്യക്തമാക്കി. ഇന്ത്യൻ ടീമിന്‍റെ അതിശക്തമായ ടോപ്പ് ഓർഡറാണ് വൈഭവിന് ആദ്യ മത്സരത്തിൽ തിരിച്ചടിയായത്. കഴിഞ്ഞ ലോകകപ്പ് ടീമിന്‍റെ ഭാഗമായിരുന്ന അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർ ടീമിലുള്ളപ്പോൾ അവരിൽ ഒരാളെ മാറ്റിനിർത്തി വൈഭവിനെ ഉൾപ്പെടുത്തുക എന്നത് വലിയൊരു റിസ്ക് ആണെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍.

വൈഭവിന് അർഹിച്ച അവസരങ്ങൾ ലഭിക്കുമെന്നുറപ്പാണെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഒരാൾക്ക് അവസരം നൽകാൻ വേണ്ടി മാത്രം, നിലവിൽ റൺസ് അടിച്ചുകൂട്ടുന്ന ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് ശരിയല്ല. ഒരാൾക്ക് അവസരം നൽകുന്നതും മറ്റൊരാളോട് അനീതി കാണിക്കുന്നതും തമ്മിൽ നേർത്തൊരു അതിർവരമ്പുണ്ട്. നിലവിൽ ടീമിനായി റൺസ് നേടുകയും മത്സരങ്ങൾ ജയിപ്പിക്കുകയും ചെയ്യുന്നവരെ അവഗണിക്കാൻ കഴിയില്ലെന്നും കോട്ടക് പറഞ്ഞിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ അത്രയധികം പ്രതിഭകൾ ഉള്ളതിനാൽ ടീം തിരഞ്ഞെടുപ്പ് സെലക്ടർമാർക്ക് കടുത്ത തലവേദനയാണെന്നും താൻ സെലക്ഷൻ പ്രക്രിയയുടെ ഭാഗമല്ലാത്തതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച നടന്ന പരിശീലന സെഷനിൽ വൈഭവ് സൂര്യവംശി മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായും മറ്റ് കോച്ചിംഗ് സ്റ്റാഫുകളുമായും ദീർഘനേരം സംസാരിക്കുന്നത് കണ്ടിരുന്നു. ആദ്യ മത്സരത്തിൽ വൈഭവിന്‍റെ അരങ്ങേറ്റം കാണാനിരുന്ന ആരാധകര്‍ നിരാശരായെങ്കിലും ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിലെങ്കിലും വൈഭവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, ശ്രേയസിന് ക്യാപ്റ്റനായി അരങ്ങേറ്റം, വൈഭവിന് കാത്തിരിപ്പ്
അയര്‍ലന്‍ഡില്‍ ആഞ്ഞടിച്ച് വൈഭവ് തരംഗം, ഇന്ത്യ-അയർലൻഡ് ടി20 ടിക്കറ്റുകൾ വിറ്റുതീർന്നത് റെക്കോര്‍ഡ് വേഗത്തില്‍