
ചണ്ഡീഗഡ്: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നല്‍കാത്തതില്‍ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സങ്കടമുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. എത്ര റണ്ണടിച്ചാലും അവനെ ഒഴിവാക്കും. ചാമ്പ്യൻസ് ട്രോഫി ടീമില്‍ 15 പേരെ മാത്രമെ പരമാവധി ഉള്‍പ്പെടുത്താനാവൂവെന്ന് എനിക്കറിയാം. പക്ഷെ സഞ്ജുവിന്‍റെ കളിശൈലിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഫോര്‍മാറ്റാണിത്.
ഈ ഫോര്‍മാറ്റില്‍ അവന് 55-56 ബാറ്റിംഗ് ശരാശരിയുമുണ്ട്. എന്നിട്ടും അവനെ രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ല. അവനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കുവന്നതേയുള്ളുവെന്നും സ്വിച്ചിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. കെ എല്‍ രാഹുലാകും പ്രധാന വിക്കറ്റ് കീപ്പര്‍. 2023ലെ ഏകദിന ലോകകപ്പിലും രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 2021ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയ സഞ്ജു 16 മത്സരങ്ങളില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 56.66 ശരാശരിയില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ 2023ല്‍ അവസാനം കളിച്ച ഏകദിനത്തിലായിരുന്നു സഞ്ജുവിന്‍റെ കന്നി സെഞ്ചുറി.
സഞ്ജുവിന് പുറമെ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെടുത്താതിരുന്നതിനെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു. രണ്ട് ഇടം കൈയന്‍ സ്പിന്നര്‍മാരെ ടീമിലെടുക്കുന്നതിന് പകരം ചാഹലിനെ ടീമിലുള്‍പ്പെടുത്താമായിരുന്നു. നാലു സ്പിന്നര്‍മാരെ ടീമിലെടുത്തിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ ഇടം കൈയന്‍ സ്പിന്നര്‍മാരാണ്. അതിനുപകരം വൈവിധ്യം ഉറപ്പാക്കാനായിരുന്നെങ്കില്‍ ഒരു ലെഗ് സ്പിന്നറെ ടീമിലെടുക്കാമായിരുന്നു.
ചാഹല്‍ മികച്ച ബൗളറാണ്. ടീമിലെടുക്കാതിരിക്കാന്‍ അവന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. 2024ല്‍ ടി20 ലോകകപ്പ് ജയിച്ച ടീമിലംഗമായിരുന്നെങ്കിലും ചാഹലിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. 2023 ഏപ്രിലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ചാഹല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!