ധോണിയാവാന്‍ നോക്കിയതാണ് ഋഷഭ് പന്തിന് തിരിച്ചടിയായതെന്ന് എംഎസ്കെ പ്രസാദ്

By Web TeamFirst Published Sep 9, 2020, 7:56 PM IST
Highlights

ധോണിയുടെ നിഴലിലായിരുന്നു പന്ത് എപ്പോഴും. എന്നിട്ടും അവസരം ലഭിച്ചപ്പോള്‍ സ്വയം ധോണിയോട് താരതമ്യം ചെയ്യാനും ധോണിയെ അനുകരിക്കാനുമാണ് ഋഷഭ് പന്ത് പലപ്പോഴും ശ്രമിച്ചത്. ധോണിയുടെ രീതികള്‍പോലും അതുപോലെ അനുകരിക്കാന്‍ പന്ത് പലപ്പോഴും ശ്രമിച്ചിരുന്നു.

ദൈഹരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിയെ അനുകരിക്കാന്‍ നോക്കിയതാണ് ഋഷഭ് പന്തിന് പറ്റിയ വലിയ അബദ്ധമെന്ന് വ്യക്തമാക്കി മുന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. ഓരോ തവണ ഋഷഭ് പന്ത് ഗ്രൗണ്ടിലിറങ്ങുമ്പോഴും ആരാധകര്‍ അദ്ദേഹത്തെ ധോണിയുമായി താരതമ്യം ചെയ്യുമായിരുന്നു. ആ താരതമ്യത്തില്‍ അഭിരമിച്ചുപോയതാണ് പന്തിന്റെ കരിയറില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണമെന്നും പ്രസാദ് സ്പോര്‍ട്സ് കീഡയോട് പറഞ്ഞു.

ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും ആരാധകര്‍ ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്യാറുണ്ട്. പതുക്കെ ഋഷഭ് പന്തും സ്വയം അതില്‍ അഭിരമിച്ചു. എത്രയോ തവണ ഞങ്ങള്‍ പന്തിനോട് പറഞ്ഞിട്ടുണ്ട്, ഇതില്‍ നിന്ന് പുറത്തുകടക്കണമെന്ന്. കാരണം ധോണി പൂര്‍ണമായും മറ്റൊരു വ്യക്തിയാണ്. നിങ്ങളും ധോണിയില്‍ നിന്ന് വ്യത്യസ്തനാണ്. നീയും ധോണിയെപ്പോലെ അസാമാന്യ കളിക്കാരനാണ്. പ്രതിഭയുള്ള താരമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ നിന്നെ പിന്തുണക്കുന്നത്. ടീം മാനേജ്മെന്റ് ഋഷഭ് പന്തിനോട് നിരന്തരം ഇക്കാര്യം പറയാറുണ്ടായിരുന്നു-പ്രസാദ് പറഞ്ഞു.

ധോണിയുടെ നിഴലിലായിരുന്നു പന്ത് എപ്പോഴും. എന്നിട്ടും അവസരം ലഭിച്ചപ്പോള്‍ സ്വയം ധോണിയോട് താരതമ്യം ചെയ്യാനും ധോണിയെ അനുകരിക്കാനുമാണ് ഋഷഭ് പന്ത് പലപ്പോഴും ശ്രമിച്ചത്. ധോണിയുടെ രീതികള്‍പോലും അതുപോലെ അനുകരിക്കാന്‍ പന്ത് പലപ്പോഴും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ കളി ശ്രദ്ധിച്ചാല്‍ അത് മനസിലാവും. ധോണി ഇപ്പോള്‍ വിരമിച്ച സാഹചര്യത്തില്‍ പന്ത് അദ്ദേഹത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവരുമെന്നും കൂടുതല്‍ മികച്ച കളിക്കാരനായി വളരുമെന്നും പ്രസാദ് പറഞ്ഞു. ഭാവിയില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമാവാനുള്ള പ്രതിഭ പന്തിനുണ്ടെന്നും പ്രസാദ് വ്യക്തമാക്കി.

രാജ്യാന്തര ക്രിക്കറ്റില്‍ ധോണിയുടെ പകരക്കാരനാവുമെന്ന് കരുതിയ ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലെടുക്കാനായിരുന്നില്ല. ഒടുവില്‍ ഏകദിന, ടി20 ടീമില്‍ കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയുള്ള ടീം മാനേജ്മെന്റിന്റെ പരീക്ഷണം വിജയിച്ചതോടെ പന്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനവും തുലാസിലാവുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായാണ് പന്ത് പലപ്പോഴും ടീമിലിടം നേടുന്നത്.

click me!