
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആവേശജയം സ്വന്തമാക്കിയെങ്കിലും മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്ന മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. മൂന്നാം ടെസ്റ്റിന് വേദിയാവുന്ന ലീഡ്സ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്റ്റോയുടെയും ഹോം ഗ്രൗണ്ടാണെന്നും അവരെ പുറത്താക്കുക എളുപ്പമാകില്ലെന്നും പനേസര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ജോ റൂട്ടിനെ തുടക്കത്തിലെ വീഴ്ത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ ലീഡ്സ് ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്റ്റോയുടെയും ഹോം ഗ്രൗണ്ടാണെന്ന കാര്യം മറക്കരുത്. ലോര്‍ഡ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. ഇതേരീതിയില്‍ പന്തെറിഞ്ഞാല്‍ ലീഡ്സിലും വിജയം ഇന്ത്യയുടെ വഴിക്ക് വരും. ജോ റൂട്ടിനെ തുടക്കത്തിലെ വീഴ്ത്തിയാല്‍ മാത്രമെ ലീഡ്സില്‍ ഇന്ത്യക്ക് മുന്‍തൂക്കം ലഭിക്കു.
മുഹമ്മദ് സിറാജിന്റെ സാന്നിധ്യമാണ് ഈ പരമ്പരയില്‍ ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. സിറാജ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കടുപ്പമേറിയതാക്കി. സിറാജിന്റെ പന്തുകള്‍ മനസിലാക്കാന്‍ ഇതുവരെ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ലോര്‍ഡ്സില്‍ ഇരുടീമുകളും വാക് പോരിലേര്‍പ്പെട്ടത് ലീഡ്സിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ടീം ലീഡ്സിലും ശക്തമായി തന്നെ വാക് പോരുമായി രംഗത്തുവരുമെന്നും പനേസര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയായപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. 25ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!