ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വീണ്ടും ട്വിസ്റ്റ്; ക്ലാസന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു

Published : Jan 08, 2024, 02:18 PM ISTUpdated : Jan 08, 2024, 02:24 PM IST
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വീണ്ടും ട്വിസ്റ്റ്; ക്ലാസന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു

Synopsis

2019ലെ ഇന്ത്യന്‍ പര്യടനത്തില്‍ റാഞ്ചിയിലാണ് ഹെന്‍‌റിച്ച് ക്ലാസന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്

ജൊഹന്നസ്‌ബര്‍ഗ്: സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ നാടകീയ വിരമിക്കലിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി മറ്റൊരു വിക്കറ്റ് കീപ്പര്‍ ഹെന്‍‌റിച്ച് ക്ലാസനും. മുപ്പത്തിരണ്ടുകാരനായ ക്ലാസന്‍ 2019നും 2023നും ഇടയിലായി നാല് ടെസ്റ്റുകളിലാണ് പ്രോട്ടീസിനെ പ്രതിനിധീകരിച്ചത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ക്ലാസന്‍ തുടര്‍ന്നും കളിക്കും. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ 46.09 ശരാശരി എന്ന മോശമല്ലാത്ത ബാറ്റിംഗ് റെക്കോര്‍ഡുണ്ടായിട്ടും ടെസ്റ്റ് ടീമില്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ നിഴലിലായിപ്പോയി ഹെന്‍‌റിച്ച് ക്ലാസന്‍. 2019ലെ ഇന്ത്യന്‍ പര്യടനത്തില്‍ റാഞ്ചിയിലാണ് ക്ലാസന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം നാല് വര്‍ഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ് 2023ലാണ് പിന്നീട് താരം ടെസ്റ്റ് കുപ്പായം അണിഞ്ഞത്. 2023ല്‍ സിഡ്‌നി, സെഞ്ചൂറിയന്‍, ജൊഹന്നസ്‌ബര്‍ഗ് എന്നിവിടങ്ങളില്‍ കളിച്ചു. എന്നാല്‍ ടീമില്‍ നില്‍ക്കാന്‍ മതിയായ ഫോമിലേക്ക് ഉയരാന്‍ കഴിയാതെ പോയ താരത്തിന് നാല് ടെസ്റ്റില്‍ 35 ഉയര്‍ന്ന സ്കോറോടെ ആകെ 104 റണ്‍സേ സമ്പാദ്യമായി കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഇതോടെ ക്ലാസന് പകരം കെയ്‌ല്‍ വെരൈന്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തിയിരുന്നു. 

2023ല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ഹെന്‍‌റിച്ച് ക്ലാസന്‍ ഏകദിനത്തിലും ട്വന്‍റി 20യിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. 'ഉറക്കം നഷ്ടമായ കുറച്ച് ദിവസങ്ങളിലെ ആലോചനകള്‍ക്ക് ശേഷം ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഫേവറൈറ്റായ ഫോര്‍മാറ്റാണ് എന്നതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ഈ തീരുമാനം കൈക്കൊണ്ടത്. ടെസ്റ്റ് തൊപ്പിയാണ് എനിക്ക് ലഭിച്ച ഏറ്റവും മഹത്തായ പൊന്‍തൂവല്‍. ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനായതില്‍ സന്തോഷമുണ്ട്. ടെസ്റ്റ് കരിയറില്‍ ഭാഗവാക്കായ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു' എന്നും ക്ലാസന്‍ വിരമിക്കല്‍ സന്ദേശത്തില്‍ കുറിച്ചു. 

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഹെന്‍‌റിച്ച് ക്ലാസന് 54 ഏകദിനങ്ങളില്‍ നാല് സെഞ്ചുറികളോടെ 1723 റണ്‍സും 43 രാജ്യാന്തര ടി20കളില്‍ നാല് ഫിഫ്റ്റികളോടെ 722 റണ്‍സുമുണ്ട്. സമകാലിക ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്ക് ടെസ്റ്റും ഏകദിനവും ഇതിനകം മതിയാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ കെയ്‌ല്‍ വെരൈനും വൈറ്റ് ബോളില്‍ ഹെന്‍‌റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പര്‍മാരായി തുടരും എന്നാണ് പ്രതീക്ഷ. 

Read more: തിരിഞ്ഞുനിന്ന് ആരാധകന്‍റെ മുഖത്ത് ഒറ്റയടി; ഷാക്കിബ് അല്‍ ഹസന്‍ വീണ്ടും വിവാദത്തില്‍, വീഡിയോ വ്യാപകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; മലയാളി താരങ്ങൾക്ക് മികച്ച അവസരമെന്ന് സഞ്ജു സാംസൺ
പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ ഒരുങ്ങി സൗരവ് ഗാംഗുലി; വെളിപ്പെടുത്തലുമായി ഹർഭജൻ