ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി എഫ് സിയിലും എന്‍ എഫ് എല്‍ ടീമായ മിയാമി ഡോള്‍ഫിന്‍സിലും നിക്ഷേപമുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനം ആരെസ് മാനേജ്‌മെന്റ് ഐ പി എല്ലിലും ടീമിനെ സ്വന്തമാക്കുന്നു.
കൊല്‍ക്കത്ത: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി എഫ് സിയിലും എന്‍ എഫ് എല്‍ ടീമായ മിയാമി ഡോള്‍ഫിന്‍സിലും നിക്ഷേപമുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനം ആരെസ് മാനേജ്‌മെന്റ് ഐ പി എല്ലിലും ടീമിനെ സ്വന്തമാക്കുന്നു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്‌ന്‍മെന്റിന് ഭൂരിഭാഗം ഓഹരികളുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികളാണ് ലോസാഞ്ചലസ് ആസ്ഥാനമായുള്ള ആരെസ് മാനേജ്‌മെന്റ് വാങ്ങുകയെന്നാണ് പുറത്തു വരുന്ന വിവരം.
ഐ പി എല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമയായ ജയ് മേത്തയും ഭാര്യ ജൂഹി ചൗളയും തങ്ങളുടെ ഉടമസ്ഥതയിലുള്ള മേത്ത ഗ്രൂപ്പിന്റെ 45 ശതമാനം ഓഹരികളുടെ പകുതി അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ആരെസ് മാനേജ്‌മെന്റിന് വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ ക്രയവിക്രയമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 22.5 ശതമാനം ഓഹരികള്‍ക്ക് 400 മില്യണ്‍ ഡോളര്‍ ലഭിക്കുന്നതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആകെ മൂല്യം കുതിച്ചുയരും. 2008 ല്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയെ 75 മില്യണ്‍ ഡോളറിനാണ് ഉടമകള്‍ സ്വന്തമാക്കിയത്. പുതിയ സാഹചര്യത്തില്‍ ആകെ മൂല്യം 1.79 ബില്യണ്‍ ഡോളറിലേക്ക് ഉയരും. അതേസമയം, ബി സി സി ഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഈ ഓഹരി കൈമാറ്റം നടപ്പിലാകൂ. ഐ പി എല്‍ ഫ്രാഞ്ചൈസിയിലേക്ക് വരുന്ന നിക്ഷേപകരുടെ പശ്ചാത്തലം ബി സി സി ഐ പരിശോധിക്കും.
ഐ പി എല്‍ ചട്ടപ്രകാരം ഓഹരി കൈമാറ്റത്തില്‍, വില്‍പ്പന തുകയുടെ അഞ്ച് ശതമാനം ബി സി സി ഐക്കുള്ളതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അമേരിക്കന്‍ നിക്ഷേപ കമ്പനി സ്വന്തമാക്കിയാല്‍ ഏകദേശം 20 മില്യണ്‍ ഡോളര്‍, അതായത് ഇരുനൂറ് കോടി രൂപയോളം ബി സി സി ഐക്ക് ലഭിക്കും.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കമ്പനിക്ക് 55 ശതമാനം ഓഹികളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുള്ളത്. പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലും എന്‍ എഫ് എല്ലിലും നിക്ഷേപമിറക്കിയ ആരെസ് മാനേജ്‌മെന്റ് ക്രിക്കറ്റിലേക്ക് നേരത്തെ തന്നെ പ്രവേശിച്ചിരുന്നു. ഇംഗ്ലണ്ടിലെ ദ ഹണ്‍ഡ്രഡ് ക്രിക്കറ്റ് ലീഗിലെ ട്രെന്റ് റോക്കറ്റ്‌സ് ടീമിന്റെ സഹ ഉടമകളാണ് ആരെസ് മാനേജ്‌മെന്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്:https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP










