അതൊക്കെയൊരു കാലം, അഫ്രീദി മുതല്‍ ഹഫീസ് വരെ; ഐപിഎല്‍ കളിച്ച 11 പാക് താരങ്ങള്‍

By Web TeamFirst Published Apr 9, 2020, 2:25 PM IST
Highlights

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡെക്കാണ്‍ ചാര്‍ജേഴ്‌സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി കാപിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളില്‍ പാകിസ്ഥാന്‍ താരങ്ങളുണ്ടായിരുന്നു.

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ ഒരു കാലമുണ്ടായിരുന്നു. 2008ലെ പ്രഥമ ഐപിഎല്ലിലായിരുന്നു അത്. അഞ്ച് ഫ്രാഞ്ചൈസികള്‍ക്കായി 11 പാകിസ്ഥാന്‍ താരങ്ങളാണ് കളിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളില്‍ മാത്രമാണ് പാക് താരങ്ങള്‍ ഇല്ലാതെ പോയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡെക്കാണ്‍ ചാര്‍ജേഴ്‌സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി കാപിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളില്‍ പാകിസ്ഥാന്‍ താരങ്ങളുണ്ടായിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകള്‍ കാരണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. എങ്കിലും പാക് താരങ്ങള്‍ അടങ്ങിയ ആദ്യ ഐപിഎല്‍ സംഭവബഹുലമായിരുന്നു. ഐപിഎല്‍ കളിച്ച പാക് താരങ്ങള്‍ ആരൊക്കെയാണ് കാണാം.. 

1. സൊഹൈല്‍ തന്‍വീര്‍ (രാജസ്ഥാന്‍ റോയല്‍സ്)

പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടുമ്പോള്‍ ടീമിന്റെ വജ്രായുധം തന്‍വീറായിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളാണ് തന്‍വീര്‍ നേടിയത്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും മറ്റൊരു മത്സരത്തില്‍ നാല് വിക്കറ്റും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിന് നല്‍കുന്ന പര്‍പ്പിള്‍ ക്യാപ്പും തന്‍വീര്‍ സ്വന്തമാക്കി. 

2. ഷാഹിദ് അഫ്രീദി (ഡെക്കാണ്‍ ചാര്‍ജേഴ്‌സ്)

2007 ടി20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് അഫ്രീദിയുെട ഐപിഎല്‍ അരങ്ങേറ്റത്തിന് വഴി തെളിയിച്ചത്. ഡെക്കാണ്‍ ചാര്‍ജേഴ്‌സാണ് പാക് ഓള്‍ റൗണ്ടറെ സ്വന്തമാക്കിയത്. എന്നാല്‍ ലോകകപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ അഫ്രീദിക്കായില്ല. 10 മത്സരങ്ങളില്‍ നിന്ന് 81 റണ്‍സാണ് അഫ്രീദി നേടിയത്. ഒമ്പത് വിക്കറ്റും അക്കൗണ്ടിലുണ്ടായിരുന്നു.

3. ഷൊയ്ബ് മാലിക് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്)

ഐപിഎല്ലിലേക്ക് വരുമ്പോള്‍ പാകിസ്ഥാന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു മാലിക്. എന്നാല്‍ എബി ഡിവില്ലിയേഴ്‌സ്, തിലകരത്‌നെ ദില്‍ഷന്‍, ഡാനിയേല്‍ വെറ്റോറി, ഗ്ലെന്‍ മഗ്രാത്ത് എന്നീ വിദേശ താരങ്ങള്‍ കളിച്ചപ്പോള്‍ മാലിക്കിന്റെ സ്ഥാനം മിക്കപ്പോഴും പുറത്തായിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് 52 റണ്‍സ് മാത്രമാണ് മാലിക് നേടിയത്. 

4. ഷൊയ്ബ് അക്തര്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ടീം പാകിസ്ഥാനെങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായിരുന്നു അക്തര്‍. ഷാറുഖ് ഖാന്‍ ഉടമസ്ഥനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അക്തറിനെ ടീമിലെത്തിച്ചത്. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ നാല് വിക്കറ്റ് പ്രകടനം എന്നെന്നും ഓര്‍ക്കപ്പെടുന്നതായിരുന്നു. മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് അക്തര്‍ വീഴ്ത്തിയത്. 

5. മിസ്ബ ഉള്‍ ഹഖ് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

2007 പ്രഥമ ടി20 ലോകകപ്പിലെ പ്രകടനമാണ് മിസ്ബയ്ക്കും ഐപിഎല്‍ അരങ്ങേറ്റമൊരുക്കിയത്. ഇപ്പോഴത്തെ പാക്് ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചും ചീഫ് സെലക്റ്ററുമായ മിസ്ബയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് 16.71 ശരാശരിയില്‍ 117 റണ്‍സ് മാത്രമാണ് പാക് താരം നേടിയിരുന്നത്.

6. മുഹമ്മദ് ആസിഫ് (ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്)

വിവാദങ്ങളുടെ തോഴനായിരുന്നു മുഹമ്മദ് ആസിഫ്. വിവാദങ്ങളെ അദ്ദേഹത്തെ കീഴടക്കും മുമ്പ് കഴിവുള്ള താരം കൂടിയായിരുന്നു ആസിഫ്. ഡല്‍ഹിയാണ് താരത്തെ സ്വന്തമാക്കിയത്. എട്ട് മത്സരങ്ങള്‍ ഡല്‍ഹിക്കായി കളിക്കുകയും ചെയ്തു. പിന്നാലെ ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി.

7. കമ്രാന്‍ അക്മല്‍ (രാജസ്ഥാന്‍ റോയല്‍സ്)

പാകിസ്ഥാന്‍ വിക്കറ്റ് കീപ്പറായിരുന്ന കമ്രാന്‍ അക്മലിന്റെ പ്രകടനം രാജസ്ഥാന്‍ റോയല്‍സിന്റെ കിരീടധാരണത്തില്‍ നിര്‍ണായകമായി. ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു കമ്രാന്‍. ആറ് മത്സരങ്ങളാണ് രാജസ്ഥാനായി കളിച്ചത്. ചി നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു.

8. സല്‍മാന്‍ ബട്ട് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാത്ത താരമാണ് സല്‍മാന്‍ ഭട്ട്. പിന്നീട് വിദേശ താരങ്ങളായ ക്രിസ് ഗെയ്ല്‍, ബ്രണ്ടന്‍ മക്കല്ലം, റിക്കി പോണ്ടിംഗ് എന്നിവര്‍ രാജ്യന്തര മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് താരത്തിന് അവസരം ലഭിച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 193 റണ്‍സാണ് താരം നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നേടിയ 54 പന്തില്‍ 73 റണ്‍സാണ് മികച്ച പ്രകടനം.

9. ഉമര്‍ ഗുല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

കൊല്‍ക്കത്തയ്ക്കായി ചുരുക്കം ചില മത്സരങ്ങളില്‍ മത്സരങ്ങളില്‍ മാത്രമാണ് ഉമര്‍ ഗുല്‍ കളിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റാണ് താരം നേടിയത്. ഒരു മത്സരത്തില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത നാല് വിക്കറ്റുകള്‍ നേടി.

10. യൂനിസ് ഖാന്‍ (രാജസ്ഥാന്‍ റോയല്‍സ്)

രാജ്സ്ഥാന്‍ റോയല്‍സിനായി ഒരു മത്സരത്തില്‍ മാത്രമാണ് യൂനിസ് കളിച്ചത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മൂന്ന് റണ്‍സുമായി താരം പുറത്താവുകയും ചെയ്തു. ഗ്രെയിം സ്മിത്ത്, ഡാമിയര്‍ മാര്‍ട്ടിന്‍, ഷെയ്ന്‍ വാട്‌സണ്‍, ഷെയ്ന്‍ വോണ്‍ എന്നീ വിദേശ താരങ്ങളാണ് രാജസ്ഥാനായി മിക്കപ്പോഴും കളിച്ചിരുന്നത്.

11. മുഹമ്മദ് ഹഫീസ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് ഹഫീസ്. എട്ട് മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടും 64 റണ്‍സ് മാത്രമാണ് ഹഫീസ് കൊല്‍ക്കത്തയ്ക്കായി നേടിയത്. മുന്‍ പാക് താരം അസര്‍ മഹമൂദും ഐപിഎല്ലിന്റെ ഭാഗമായിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് മഹമൂദ് കളിച്ചത്.

click me!