ഇന്നലെ വൈകീട്ടത്തെ പരിശീലന സെഷൻ ആണ് ചന്ദ്രഗ്രഹണം മൂലം വൈകി തുടങ്ങിയത്. പരിശീലനം വൈകിയതിന്‍റെ കാരണം ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തിന് മുമ്പ് ഇന്നലെ വൈകിട്ട് ആറ് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീം നടത്താനിരുന്ന പരിശീലനം വൈകാന്‍ കാരണം ചന്ദ്രഗ്രഹണം മൂലമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍. ചന്ദ്രഗ്രഹണം കഴിഞ്ഞ് പരിശീലനം മതിയെന്ന നിർദേശം കിട്ടിയിരുന്നുവെന്ന് മോര്‍ക്കല്‍ പറഞ്ഞു.

ഇന്നലെ വൈകീട്ടത്തെ പരിശീലന സെഷൻ ആണ് ചന്ദ്രഗ്രഹണം മൂലം വൈകി തുടങ്ങിയത്. പരിശീലനം വൈകിയതിന്‍റെ കാരണം ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. വൈകിട്ട് 6 മുതൽ 9 വരെ ആയിരുന്നു പരിശീലനം നിശ്‌ചയിച്ചിരുന്നത്. ഒരു മണിക്കൂർ വൈകി ആണ് താരങ്ങൾ ഗ്രൗണ്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20 മുതൽ വൈകിട്ട് 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണ സമയം. ഗ്രഹണ സമയത്ത് ശുഭകാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുന്ന ആചാരപരമായ രീതി പിന്തുടർന്നാണ് ടീം മാനേജ്‌മെന്‍റ് പരിശീലനം വൈകിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.

വൈകിട്ട് 6 മണിയായിട്ടും സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾ തെളിയിച്ചിരുന്നില്ല. ഗ്രൗണ്ട് സ്റ്റാഫും മാധ്യമപ്രവർത്തകരും താരങ്ങളെ കാത്തുനിന്നെങ്കിലും ഗ്രഹണം പൂർത്തിയായ ശേഷം 6.55-ഓടെയാണ് വെളിച്ചം തെളിഞ്ഞതും താരങ്ങൾ ഗ്രൗണ്ടിലെത്തിയതും. പരിശീലനം ആരംഭിച്ച ഉടൻ തന്നെ ഹെഡ് കോച്ച് ഗൗതം ഗംഭീർ പിച്ച് ക്യുറേറ്ററുമായി ദീർഘനേരം സംസാരിച്ചു. വാംഖഡെയിലെ പിച്ചിന്‍റെ സ്വഭാവവും ബൗൺസും നേരിട്ട് വിലയിരുത്തിയ ഗംഭീർ, ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്കിനും ഫീൽഡിംഗ് കോച്ച് റയാൻ ടെൻ ഡോഷ്‌റ്റെയ്ക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക