പരമ്പര നേടാന്‍ ഇന്ത്യ, ഗെയ്‌ലിന് നാളെ അവസാന ഏകദിനം; സാധ്യത ടീം അറിയാം

By Web TeamFirst Published Aug 13, 2019, 5:12 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ബുധനാഴ്ച നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതിലുപരി ക്രിക്കറ്റിലെ അറ്റാക്കിങ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ക്രിസ് ഗെയ്‌ലിന്റെ അവസാന ഏകദിനം കൂടിയായിരിക്കുമിത്.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ബുധനാഴ്ച നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതിലുപരി ക്രിക്കറ്റിലെ അറ്റാക്കിങ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ക്രിസ് ഗെയ്‌ലിന്റെ അവസാന ഏകദിനം കൂടിയായിരിക്കുമിത്. നേരത്തെ, ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു താരം. എന്നാല്‍ പരമ്പരയില്‍ ഇതുവരെ സ്വതസിദ്ധമായ ഫോമിലേക്കെത്താന്‍ ഗെയ്‌ലിന് സാധിച്ചിട്ടില്ല.

ലോകകപ്പ് സെമിയില്‍ തോറ്റ് പുറത്തായ ഇന്ത്യക്ക് ഈ പരമ്പര നേടേണ്ടതുണ്ട്. ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് അല്‍പമെങ്കിലും മോചനം നേടാന്‍ പരമ്പര നേട്ടത്തിലൂടെ സാധിച്ചേക്കും. കഴിഞ്ഞ മത്സരം വിജയിച്ച ഇലവനില്‍ നിന്ന് ഇന്ത്യ മാറ്റമൊന്നും വരുത്തില്ലെന്നാണ് പുറത്തുവരുന്ന വിവരം. ശിഖര്‍ ധവാനും ഋഷഭ് പന്തും ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്നുവെങ്കിലും ഇരുവരേയും നിലനിര്‍ത്തിയേക്കും. എന്നാല്‍ പന്തിന്റെ നാലാം നമ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്. അവിടെ ശ്രേയസ് അയ്യര്‍ കളിച്ചേക്കും. 

മറുവശത്ത് ഗെയ്ല്‍ അവസാന ഏകദിനമാണ് കളിക്കുന്നതെങ്കിലും ടീമില്‍ സ്ഥാനം ഉറപ്പില്ല. രണ്ട് ഏകദിനത്തിലും തിളങ്ങാന്‍ ഗെയ്‌ലിന് കഴിഞ്ഞിരുന്നില്ല. ഗെയ്‌ലിനെ മാറ്റാന്‍ തീരുമാനിച്ചാല്‍ ജോണ്‍ ക്യാംബെല്‍ ടീമിലെത്തും. മറ്റൊരു മാറ്റത്തിന് കൂടി സാധ്യതയുണ്ട്. ഫാബിയന്‍ അലന്‍ പൂര്‍ണമായും ഫിറ്റാണെങ്കില്‍ ഒഷാനെ തോമസിന് പകരം അദ്ദേഹം ടീമിലെത്തും. മത്സരത്തിന് മഴയുടെ തടസമുണ്ടാവില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. 

ഇന്ത്യ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.

വിന്‍ഡീസ് സാധ്യത ഇലവന്‍:  എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍/ ജോണ്‍ ക്യാംബെല്‍, ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പൂരന്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഫാബിയന്‍ അലന്‍/ ഒഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, കെമര്‍ റോച്ച്.

click me!