
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ സാധാരണമല്ലാത്ത ഒരു സംഭവം നടന്നു. കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരൈന്‍ ഒരു ഹിറ്റ് വിക്കറ്റ് പുറത്താകലില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. ഒടുവില്‍ 26 പന്തില്‍ 44 റണ്‍സിന് പുറത്തായെങ്കിലും, വിവാദ സംഭവം ആര്‍സിബി താരങ്ങള്‍ ചോദ്യം ചെയ്തു. റാസിഖ് സലാം എറിഞ്ഞ ഏഴാം ഓവറില്‍ നരൈന്‍ ഒരു ഷോര്‍ട്ട് ഡെലിവറി നേരിടേണ്ടി വന്നു. അതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.
ഇതിനിടെ അദ്ദേഹത്തിന്റെ ബാറ്റ് സ്റ്റമ്പുകളില്‍ തട്ടി, ബെയില്‍സ് വീഴുകയും ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് വിളിച്ചതുമില്ല. അതിന്റെ കാരണം മറ്റൊന്നായിരുന്നില്ല. ബാറ്റ് സ്റ്റംപില്‍ കൊള്ളുന്നിന് മുമ്പ് പന്ത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളില്‍ എത്തിയിരുന്നു. എംസിസി ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ച് ഷോട്ട് കളിച്ച് ഡെലിവറി പൂര്‍ത്തിയായതിന് ശേഷം സ്റ്റംപില്‍ തട്ടിയാല്‍ അത് വിക്കറ്റായി കൂട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ വായിക്കാം...
അതേസമയം, മത്സരം ആര്‍സിബി സ്വന്തമാക്കി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. വിരാട് കോലി (36 പന്തില്‍ പുറത്താവാതെ 59), ഫിലിപ് സാള്‍ട്ട് (31 പന്തില്‍ 56), രജത് പടിധാര്‍ (14 പന്തില്‍ 36) എന്നിവരുടെ ഇന്നിംഗ്സുകളാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ അജിന്‍ക്യ രഹാനെ (56), സുനില്‍ നരെയ്ന്‍ (44) എന്നിവരുടെ ഇന്നിംഗ്സുകളറാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കമായിരുന്നു ആര്‍സിബിക്ക്. പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ഒമ്പതാം ഓവറിലെ നാലാം പന്തില്‍ സാള്‍ട്ടിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. രണ്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സാള്‍ട്ടിന്റെ ഇന്നിംഗ്സ്. മൂന്നാമതായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലിന് (10) തിളങ്ങാനായില്ല. എന്നാല്‍ ക്യാപ്റ്റന്‍ രജത് പടിധാറിനെ കൂട്ടുപിടിച്ച് കോലി ആര്‍സിബിയെ വിജയത്തിന് അടുത്തെത്തിച്ചു. എന്നാല്‍ 16-ാം ഓവറില്‍ പടിധാര്‍ വീണു.
ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. പടിധാര്‍ മടങ്ങിയെങ്കിലും ലിയാം ലിവിംഗ്സ്റ്റണെ (5 പന്തില്‍ 15) കൂട്ടുപിടിച്ച് കോലി ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.