പാകിസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ, പാകിസ്ഥാൻ ടിവി ടീം 40 റൺസ് പ്രതിരോധിച്ച് ചരിത്ര വിജയം നേടി. 232 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച മത്സരത്തിൽ, സുയി നോർത്തേൺ ഗ്യാസ് പൈപ്പ്‌ലൈൻസ് ലിമിറ്റഡ് 37 റൺസിന് പുറത്തായി.
കറാച്ചി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രം രചിച്ച് പാകിസ്ഥാൻ ടിവി ക്രിക്കറ്റ് ടീം. 232 വർഷം പഴക്കമുള്ള ചരിത്രമാണ് അവർ തിരുത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ചായിരുന്നു വിജയം. ശനിയാഴ്ച കറാച്ചിയിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തിൽ സുയി നോർത്തേൺ ഗ്യാസ് പൈപ്പ്‌ലൈൻസ് ലിമിറ്റഡിനെതിരെ (എസ്‌എൻജിപിഎൽ) ആയിരുന്നു പാകിസ്ഥാൻ ടിവിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പിടിവി 39 റൺസ് മാത്രമാണ് നേടിയത്. 40 റൺസ് ലക്ഷ്യം തേടിയിറങ്ങിയ എസ്‌എൻജിപിഎൽ 37 റൺസിന് പുറത്തായി. പാക് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെ ടീമാണ് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയത്. 1794-ൽ ലോർഡ്‌സിൽ നടന്ന മത്സരത്തിൽ എംസിസിക്കെതിരെ 41 റൺസ് പ്രതിരോധിച്ച ഓൾഡ്‌ഫീൽഡിന്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോർഡ്.
ഇടംകൈയ്യൻ സ്പിന്നർ അലി ഉസ്മാൻ വെറും 9 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാക്കി നാല് വിക്കറ്റുകൾ പേസർ അമദ് ബട്ട് വീഴ്ത്തി. പാകിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റൻ മസൂദ് രണ്ട് പന്തുകൾ മാത്രം അതിജീവിച്ച് റണ്ണൊന്നുമെടുക്കാതെ പുറത്തായി. എസ്‌എൻജിപിഎല്ലിനു വേണ്ടി സൈഫുള്ള ബങ്കാഷ് നേടിയ 14 റൺസായിരുന്നു ഉയർന്ന സ്കോർ. മൂന്ന് ബാറ്റ്‌സ്മാൻമാർ പൂജ്യത്തിന് പുറത്തായി. ഒരു ബാറ്റ്‌സ്മാൻ പോലും 35 പന്തിൽ കൂടുതൽ നിന്നില്ല.
ആദ്യ ഇന്നിംഗ്സിൽ 238 റൺസ് നേടിയ എസ്എൻജിപിഎൽ 72 റൺസിന്റെ ലീഡ് നേടിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ പിടിവിയെ 166 റൺസിന് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ പി.ടി.വി.ക്ക് 111 റൺസ് മാത്രമേ നേടാനായുള്ളൂ, 40 റൺസിന്റെ ലീഡ് മാത്രം നേടിയ അവർ പരാജയപ്പെടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അവിസ്മരണീയമായി തിരിച്ചുവന്നത്.
