ഓവലില്‍ വിജയം ഉറപ്പിക്കാന്‍ ഇന്ത്യ എത്ര റണ്‍സ് ലീഡ് നേടണം; നാലാം ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് കണക്കുകള്‍ ഇങ്ങനെ

Published : Aug 02, 2025, 03:01 PM IST
Shhubman Gill

Synopsis

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയ ശ്രീലങ്ക 219 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നിരുന്നു.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 23 റണ്‍സിന്‍റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം 75-2 എന്ന നിലയിലാണ് ക്രീസ് വിട്ടത്. എട്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോഴുള്ളത് 52 റണ്‍സിന്‍റെ ആകെ ലീഡാണുള്ളത്. 49 പന്തില്‍ 51 റണ്‍സുമായി യശസ്വി ജയ്സ്വാളും നാലു റണ്ണുമായി നൈറ്റ് ‌വാച്ച്മാന്‍ ആകാശ് ദീപുമാണ് ക്രീസിലുള്ളത്. ഓവലില്‍ മൂന്നാം ദിനം ക്രീസിലിറങ്ങുമ്പോള്‍ യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിംഗിലാണ് ഇന്ത്യ പ്രതീക്ഷ വെക്കുന്നത്. ജയ്സ്വാള്‍ രണ്ടാം ദിനത്തിലേതുപോലെ അതിവേഗം സ്കോര്‍ ഉയര്‍ത്തിയാല്‍ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാകും.

ഓവലില്‍ നാലാം ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് നടത്തിയത് ഇംഗ്ലണ്ട് ആണ്. 1902ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 263 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഓവലിലെ വിജയകരമായ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്. 1963ല്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് 253 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഓവലിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍ചേസ്.

1972ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 242 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതും ഓവലില്‍ ആണ്. സമീപകാലത്ത് ഓവലിലെ ഉയര്‍ന്ന റണ്‍ചേസിന്‍റെ റെക്കോര്‍ഡ് പക്ഷെ ഇംഗ്ലണ്ടിന്‍റെ പേരിലല്ല. അത് ശ്രീലങ്കയുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയ ശ്രീലങ്ക 219 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നിരുന്നു. പാതും നിസങ്കയുടെ(124 പന്തില്‍ 127) സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക അനായാസം ലക്ഷ്യത്തിലെത്തിയത്. 1971 ഇംഗ്ലണ്ടിനെതിരെ 171 റൺസ് പിന്തുടര്‍ന്ന് ജയിച്ചതാണ ഓവലിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്.

ആദ്യ ദിനങ്ങളില‍ പേസിനെ തുണച്ച ഓവല്‍ പിച്ചില്‍ കളി പുരോഗമിക്കുന്തോറും ബാറ്റിംഗ് അനായാസമാകാറാണ് പതിവ്. എങ്കിലും പന്ത് അസാധാരണമായി താഴുകയും കുത്തി ഉയരുകയും ചെയ്യുന്ന പതിവ് ഇത്തവണയും ഓവലിലുണ്ട്. ഇത് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യൻ സ്പിന്നര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യൻ നിരയില്‍ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്നര്‍മാരായി ഉണ്ട്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പിച്ച് പേസര്‍മാരെ തുണച്ചതിനാല്‍ ജഡേജ രണ്ടോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. സുന്ദര്‍ ആകട്ടെ ഒരോവര്‍ പോലും പന്തെറി‍ഞ്ഞതുമില്ല.

ഇംഗ്ലണ്ട് നിരയില്‍ മുന്‍നിര സ്പിന്നര്‍മാരാരും ഇല്ലെന്നതും പരിക്കേറ്റ പേസര്‍ ക്രിസ് വോക്സിനെ കൂടാതെ മൂന്നാം ദിനം ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കെതിരെ പന്തെറിയണമെന്നതും ഇന്ത്യക്ക് അനുകൂലമാണ്. ഒരു ബൗളര്‍ കുറവുള്ള ഇംഗ്ലണ്ട് പാര്‍ട് ടൈം സ്പിന്നര്‍മാരായ ജോ റൂട്ടിനെയും ജേക്കബ് ബേഥലിനെയുമാവും അ‍ഞ്ചാം ബൗളറായി ആശ്രയിക്കുക. എങ്കിലും ഇംഗ്ലണ്ടിന്‍റെ കരുത്തുറ്റ ബാറ്റിംഗ് നിരയും ആദ്യ ടെസ്റ്റില്‍ 350ലേറെ ലീഡ് നേടിയിട്ടും ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയതെന്നതും കണക്കിലെടുത്താല്‍ ഓവലില്‍ 300 റണ്‍സില്‍ താഴെയുള്ള ഒരു ലീഡും സുരക്ഷിതമായിരിക്കില്ലെന്നാണ് സമീപകാല ചരിത്രം പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ