
ഡാര്‍വിന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇടം കൈയന്‍ ബൗളറെന്ന റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഷദ്മാന്‍ ഇസ്ലാമിനെ പുറത്താക്കിയാണ് സ്റ്റാര്‍ക്കിന്റെ നേട്ടം. ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ 434-ാം വിക്കറ്റാണിത്. 433 വിക്കറ്റ് നേടിയ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെറാത്തിന്റെ റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് മറികടന്നത്. ഇതോടെ സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ടയില്‍ കപില്‍ദേവിനൊപ്പവുമെത്തി.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന പേസര്‍മാരുടെ പട്ടികയിലാണ് കപിലിനൊപ്പം സ്റ്റാര്‍ക്കും ഇടംപിടിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ആദ്യ പത്ത് താരങ്ങളുടെ പട്ടികയിലേക്ക് സ്റ്റാര്‍ക്കിന് ഇനി ആറ് വിക്കറ്റ് ദൂരമേ ഉള്ളു. 439 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ് പത്താം സ്ഥാനത്ത്. 800 വിക്കറ്റുളള മുത്തയ്യാ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 198ന് എല്ലാവരും പുറത്തായിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി 71 റണ്‍സെടുത്ത മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് തിളങ്ങിയത്. 55 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യന്‍ പേസര്‍ ഹസന്‍ മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ഹസന്‍ മഹ്മൂദിന് പുറമെ ടസ്‌കിന്‍ അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നല്‍കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ വെറും 53 ഓവറിലാണ് ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്. ഓപ്പണമാരായ ട്രാവിസ് ഹെഡും(22), ജാക് വെതാറള്‍ഡും(23) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം നല്‍കിയശേഷമാണ് ഓസീസ് തകര്‍ന്നടിഞ്ഞത്.
ജാക്ക് വെതറാള്‍ഡ് (23), ട്രാവിസ് ഹെഡ് എന്നിവരെ തുടര്‍ച്ചയായ ഓവറുകളില്‍ മടക്കി ഹസന്‍ മഹ്മൂദാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മാര്‍നസ് ലബുഷെയ്ന്‍(1), കാമറൂണ്‍ ഗ്രീന്‍(13) എന്നിവര്‍ക്കും നിലയുറപ്പിക്കാനായില്ല. ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണിത്. 2017ല്‍ മിര്‍പൂരില്‍ 217 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!