
ധാക്ക: പാകിസ്ഥാൻ ക്രിക്കറ്റിന് വീണ്ടും നാണക്കേടിന്‍റെ ദിനം. ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ ബംഗ്ലാദേശിൽ ടെസ്റ്റ് മത്സരം തോറ്റു. ധാക്കയിലെ ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റിൽ പാകിസ്ഥാനെ 104 റൺസിന് തകർത്താണ് ബംഗ്ലാദേശ് ചരിത്രവിജയം കുറിച്ചത്. അവസാന ദിനം രണ്ടാം ഇന്നിംഗ്‌സിൽ 268 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാൻ 163 റൺസിന് പുറത്തായി. ബംഗ്ലാദേശിൽ പാകിസ്ഥാൻ വഴങ്ങുന്ന ആദ്യ ടെസ്റ്റ് തോൽവിയാണിത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. 2024 വരെ പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനില്‍ നടന്ന പരമ്പരയില്‍ 2-0ന് ജയിച്ചിരുന്നു. പാകിസ്ഥാനെതിരെ ബംഗ്ലാദേശിന്‍റെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് ജയമാണിത്.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 413 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ 386 റണ്‍സെടുത്ത് 27 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 163 റണ്‍സിന് പുറത്തായി. അവസാന സെഷനില്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ 152 റണ്‍സായിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു ഘട്ടത്തിൽ അബ്ദുള്ള ഫസലും (66) മുഹമ്മദ് റിസ്‌വാനും(15) ചേർന്ന് ടീമിനെ സമനിലയിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും യുവ പേസർ നഹീദ് റാണ റിസ്‌വാനെയും സൗദ് ഷക്കീലിനെയും(15) പുറത്താക്കിയതോടെ പാക് പതനം പൂര്‍ത്തിയായി. 26 റണ്‍സെടുത്ത സല്‍മാന്‍ ആഗയും 15 റണ്‍സെടുത്ത ഓപ്പണര്‍ അസാന്‍ അവൈസുമാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ടസ്കിൻ അഹമ്മദ് തുടക്കത്തിൽ തന്നെ ഇമാം ഉൾ ഹഖിനെ (2) പുറത്താക്കി ബംഗ്ലാദേശിന് മുൻതൂക്കം നൽകിയിരുന്നു.
മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ അഞ്ചാം ദിനം ബംഗ്ലാദേശിന്‍റെ സ്പോര്‍ട്ടിംഗ് ഡിക്ലറേഷനാണ് വിജയത്തിന് അടിത്തറയിട്ടത്. മൂന്നും നാലും ദിവസങ്ങളിൽ മഴ വില്ലനായതോടെ മത്സരം സമനിലയാകുമെന്ന് കരുതിയെങ്കിലും അവസാന ദിനം ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്‍റോ (87) അക്രമിച്ചു കളിച്ച് പാകിസ്ഥാൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. രണ്ടാം ഇന്നിംഗ്‌സിൽ 240/9 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത ബംഗ്ലാദേശ് പാകിസ്ഥാന് 268 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെക്കുകായായിരുന്നു. ബംഗ്ലാദേശിനുവേണ്ടി നാഹിദ് റാണ 40 റണ്‍സിന് 5 വിക്കറ്റെടുത്തപ്പോള്‍ ടസ്കിന്‍ അഹമ്മദും തൈജുള്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചരിത്രവിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശ് 12 പോയിന്‍റുകൾ സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!