
ലഖ്നൗ: ഏകദിന ലോകകപ്പിലെ അഞ്ച് മത്സരങ്ങള്‍ക്കാണ് ഉത്തര്‍ പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗ, ഏകനാ സ്റ്റേഡിയം വേദിയാവുക. ഒക്ടോബര്‍ 12ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. 16ന് ഓസ്ട്രേലിയ ശ്രീലങ്കയ്‌ക്കെതിരേയും ഇതേ വേദിയില്‍ കളിക്കും. 21ന് നെതര്‍ലന്‍ഡ്സ് - ശ്രീലങ്ക മത്സരമാണ് മറ്റൊന്ന്. 29ന് ഇന്ത്യ ഇംഗ്ലണ്ട് സുപ്രധാന മത്സരവും ഇതേ വേദിയിലാണ്. നവംബര്‍ 3ന് നെതര്‍ലന്‍ഡ്സ് അഫ്ഗാനിസ്ഥാനേയും ഇതേ വേദിയില്‍ നേരിടും. എന്നിരുന്നാലും, ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന് പരമാവധി കാണികളെ പ്രതീക്കാം. സ്റ്റേഡിയം നിറഞ്ഞ് കവിയുമെന്നാണ് വിലയിരുത്തല്‍.
മത്സരം നടക്കുന്ന ദിവവസങ്ങളില്‍ കളി കാണാനെത്തുന്നവര്‍ക്ക് താമസിക്കാന്‍ ഹോട്ടലുകള്‍ കിട്ടാനില്ലെന്നുള്ളതാണ് പ്രധാന പ്രശ്‌നം. ഉയര്‍ന്ന നിരക്ക് പലര്‍ക്കും തലവേദനയായി. ലഖ്നൗവിലെ ആഡംബര ഹോട്ടലുകള്‍ക്ക് പ്രതിദിനം ശരാശരി 5,000 മുതല്‍ 11,000 രൂപ വരെയാണ് നിരക്ക്. എന്നാല്‍, മത്സര ദിവസങ്ങളില്‍ ഹോട്ടലുകള്‍ നിരക്ക് വര്‍ധിപ്പിച്ച് പ്രതിദിനം 40,000 രൂപയാക്കി ഉയര്‍ത്തി. പ്രതിദിനം 11,000 രൂപ ഈടാക്കുന്ന ഗോമതി നദിയുടെ തീരത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്ന് ഒക്ടോബര്‍ 25, 26 തീയതികളില്‍ നിരക്ക് 40,000 രൂപയായി ഉയര്‍ത്തി.
അതുപോലെ ലഖ്നൗ - കാണ്‍പൂര്‍ ഹൈവേയിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടല്‍ അതിന്റെ താരിഫ് 79,000 രൂപയായും വര്‍ദ്ധിപ്പിച്ചു. അതേസമയം, മാള്‍ അവന്യൂ ഏരിയയിലെ മറ്റൊരു പ്രധാന ഹോട്ടലിസല്‍ ഇപ്പോള്‍ തന്നെ ബുക്കിംഗ് പൂര്‍ത്തിയായി. മറ്റ് ഹോട്ടലുകളിലും സ്ഥിതി വ്യത്യസ്തമല്ല, നവംബര്‍ മൂന്ന് വരെ ഇത് തുടരുന്നു. ഐപിഎല്ലിന് ശേഷം ലഖ്‌നൗ നഗരം വേദിയാകുന്ന പ്രധാന ഇവന്റാണിത്.
ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ പ്രഖുഖരെല്ലാവരും ഇടം നേടിയിരുന്നു. മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.