ജസ്പ്രിത് ബുമ്രയ്ക്ക് പെട്ടന്നൊരു ദിവസം പരിക്കേറ്റതല്ല, ആദ്യത്തേത് 2018ല്‍- പരിക്കിന്റെ നാള്‍വഴികള്‍ നോക്കാം

By Web TeamFirst Published Oct 4, 2022, 12:48 PM IST
Highlights

ബുമ്രയ്ക്ക് ആദ്യമായി പരിക്കേല്‍ക്കുന്നത് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20യില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടത് കൈയിലെ പെരുവിരലിന് പൊട്ടലേറ്റു.

മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയക്ക് ടി20 ലോകകപ്പ് നഷ്ടമാകുമെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. കാര്യവട്ടം ട്വന്റി 20യ്ക്ക് മുമ്പുള്ള പരിശീലനത്തിനിടെയാണ് ബുമ്രയുടെ പുറത്തിന് വീണ്ടും പരിക്കേറ്റത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടമായപ്പോഴും ബുമ്ര ലോകകപ്പിന് ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ ടീം. എന്നാല്‍ ടീം ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ബിസിസിഐ ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് ഷമി, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവരെല്ലാം പകരക്കാരുടെ നിരയിലുണ്ട്.

ഇന്ത്യയുടെ സ്‌ട്രൈക് ബൗളറായ ജസ്പ്രീത് ബുമ്രയുടെ പരിക്കിന്റെ നാള്‍വഴികള്‍ നോക്കാം...

  • ബുമ്രയ്ക്ക് ആദ്യമായി പരിക്കേല്‍ക്കുന്നത് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20യില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടത് കൈയിലെ പെരുവിരലിന് പൊട്ടലേറ്റു. ഇതോടെ ബുമ്രയ്ക്ക് മൂന്നാഴ്ച ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു.
  • 2019ലെ വിന്‍ഡീസ് പര്യടനത്തിനിടെയാണ് രണ്ടാംതവണ ബുമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. ഇപ്പോള്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവുന്നതിന് കാരണമായ പുറംവേദന തുടങ്ങുന്നത് ഈ പരമ്പരയ്ക്കിടെയായിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ബുമ്ര ഇംഗ്ലണ്ടില്‍ ചികിത്സയ്ക്ക് വിധേയനായി.
  • 2021 ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ സിഡ്‌നി ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബുമ്രയ്ക്ക് പരിക്കേറ്റു. ഇത്തവണ അടിവയറിനായിരുന്നു പരിക്കേറ്റത്. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് ബുമ്രയ്ക്ക് നഷ്ടമാവുകയും ചെയ്തു.
  • ഈ വര്‍ഷം ഓഗസ്റ്റില്‍ ബുമ്രയ്ക്ക് വീണ്ടും പരിക്കേറ്റു. ഇത്തവണയും പുറത്തെ മസിലിനായിരുന്നു പരിക്ക്. ബൗളിംഗ് ആക്ഷനിലെ സങ്കീര്‍ണയതയാണ് അടിക്കടിയുള്ള ബുമ്രയുടെ പരിക്കിന് കാരണം. ഇതോടെ ഏഷ്യാകപ്പ് ബുമ്രയ്ക്ക് നഷ്ടമായി. 
  • ഓസീസിനെതിരായ പരമ്പരയിലൂടെ ടീമില്‍ തിരിച്ചെത്തിയെങ്കിലും കാര്യവട്ടത്ത് വീണ്ടും പുറത്തിന് പരിക്കേറ്റു. ഇതാവട്ടെ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവുകയും ബുമ്രയ്ക്ക് ലോകകപ്പ് നഷ്ടമാവാന്‍ കാരണമാവുകയും ചെയ്തു.
     
click me!