ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഗുരുതരം; ലോകകപ്പ് നഷ്ടമായേക്കും

By Gopalakrishnan CFirst Published Aug 12, 2022, 7:25 PM IST
Highlights

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പില്‍ ബുമ്ര കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് അത് കനത്ത പ്രഹരമാകും. നിലവില്‍ ടി20 ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ഇന്ത്യക്ക് ആശ്രയിക്കാവുന്ന പേസ് ബൗളറായുള്ളത്.

മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയുടെ പരിക്ക്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ബുമ്രയ്ക്ക് ടി20 ലോകകപ്പും നഷ്ടമായേക്കുമെന്നാണ് സൂചന. ബുമ്രയുടെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ കളിച്ചശേഷം പരിക്കേറ്റ ബുമ്രയെ ഏഷ്യാകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 2019ൽ പുറത്തിനേറ്റ പരിക്ക് തന്നെയാണ് ഇത്തവണയും ബുമ്രയെ അലട്ടുന്നത്. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെങ്കിലും ലോകകപ്പിന് രണ്ടുമാസം മാത്രം ശേഷിക്കേ ബുമ്ര പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമോയെന്ന് സംശയമാണെന്ന് ബിസിസിഐ ഒഫിഷ്യൽ വെളിപ്പെടുത്തി.

യുഎഇ ടി20 ലീഗ്: എം ഐ എമിറേറ്റ്സില്‍ പൊള്ളാര്‍ഡും ബ്രാവോയും ബോള്‍ട്ടും

ബുമ്രയുടെ സവിശേഷമായ ബൗളിംഗ് ആക്ഷനാണ് തുടർച്ചയായ പരിക്കിന് കാരണമെന്ന് നേരത്തേ തന്നെ നിരീക്ഷണങ്ങളുണ്ടായിരുന്നു.  ബുമ്രയുടെ പരിക്ക് സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും അദ്ദേഹത്തിന് ആവശ്യമായ വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. 2019ലും സമാനമായ പരിക്കിനെത്തുടര്‍ന്ന് ബുമ്രക്ക്  അഞ്ച് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടിവന്നിരുന്നു. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയശേഷം ഇന്ത്യക്കായും ഐപിഎല്ലിലും ബുമ്ര മികവ് കാട്ടി.

ഏഷ്യാ കപ്പില്‍ ഇന്ത്യയെ 3-0ന് തോല്‍പിക്കുമോ? മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി ബാബര്‍ അസം

പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് ഒഴിവാക്കിയ ബുമ്ര ഇപ്പോള്‍ ബംഗലൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സകള്‍ക്ക് വിധേനയാകുകയാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പില്‍ ബുമ്ര കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് അത് കനത്ത പ്രഹരമാകും. നിലവില്‍ ടി20 ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ഇന്ത്യക്ക് ആശ്രയിക്കാവുന്ന പേസ് ബൗളറായുള്ളത്. ഏഷ്യാ കപ്പിന് മുമ്പ് ഹര്‍ഷല്‍ പട്ടേലിനും പരിക്കേറ്റത് ഇന്ത്യക്ക് മറ്റൊരു പ്രഹരമായി. ഹര്‍ഷല്‍ ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഹര്‍ഷലിന്‍റെയും ബുമ്രയുടെയും അഭാവത്തില്‍ പേസര്‍ മുഹമ്മദ് ഷമിയെ സെലക്ടര്‍മാര്‍ വീണ്ടും ടി20 ടീമിലേക്ക് പരിഗണിച്ചേക്കും.

click me!