സമര്‍ത്ഥിനും ദേവ്ദത്തിനും സെഞ്ചുറി; വിജയ് ഹസാരെയില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് കൂറ്റന്‍ സ്‌കോര്‍

By Web TeamFirst Published Mar 8, 2021, 1:40 PM IST
Highlights

43-ാം ഓവറിലാണ് കര്‍ണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അപ്പോഴേക്കും ഓപ്പണിംഗ് വിക്കറ്റില്‍ 249 റണ്‍സായിരുന്നു. ദേവ്ദത്താണ് ആദ്യം പുറത്തായത്.

ദില്ലി: കര്‍ണാടകയ്‌ക്കെതിരായ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് 339 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടകയ്ക്ക് ആര്‍ സമര്‍ത്ഥ് (192), ദേവ്ദത്ത് പടിക്കല്‍ (101) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കര്‍ണാടകയ്ക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും നേടിയത് എന്‍ പി ബേസിലാണ്. 

43-ാം ഓവറിലാണ് കര്‍ണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അപ്പോഴേക്കും ഓപ്പണിംഗ് വിക്കറ്റില്‍ 249 റണ്‍സായിരുന്നു. ദേവ്ദത്താണ് ആദ്യം പുറത്തായത്. പത്ത് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്. ബേസിലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് മനീഷ് പാണ്ഡെ. 

എന്നാല്‍ 48ാം ഓവറില്‍ ഇരട്ട സെഞ്ചുറിക്ക് എട്ട് റണ്‍സ് സമര്‍ത്ഥ് പുറത്തായി. മൂന്ന് സിക്‌സും 22 ഫോറും അടങ്ങുന്നതായിരുന്നു കര്‍ണാടക ക്യാപ്റ്റന്റെ ഇന്നിങ്‌സ്. പിന്നാലെ ക്രീസിലെത്തിയ കെ ഗൗതം ആദ്യ പന്തില്‍ മടങ്ങിയെങ്കിലും കര്‍ണാടക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മനീഷ് പാണ്ഡെ (20 പന്തില്‍ 34), കെ വി സിദ്ധാര്‍ത്ഥ് (4) പുറത്താവാതെ നിന്നു. 

10 ഓവറും എറിഞ്ഞ എസ് ശ്രീശാന്ത് 73 റണ്‍സ് വിട്ടുകൊടുത്തു. ബേസില്‍ തമ്പി ഏഴ് ഓവറില്‍ 67 റണ്‍സ് വഴങ്ങി. നേരരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കര്‍ണാടകയ്ക്കായിരുന്നു ജയം. മറുപടി ബാറ്റിങ് ആരംഭിച്ച കേരളം മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സെടുത്തിട്ടുണ്ട്. റോബിന്‍ ഉത്തപ്പ (2), വിഷ്ണു വിനോദ് (8) എന്നിവരാണ് ക്രീസില്‍. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്.

കേരളം: റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, മുഹമമദ് അസറുദ്ദീന്‍, ജലജ് സക്‌സേന, എന്‍ പി ബേസില്‍, അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, എസ് ശ്രീശാന്ത്, വത്സല്‍ ഗോവിന്ദ്, ബേസില്‍ തമ്പി.

കര്‍ണാടക: ആര്‍ സമര്‍ത്ഥ്, ദേവ്ദത്ത് പടിക്കല്‍, മനീഷ് പാണ്ഡേ, കെ സിദ്ധാര്‍ത്ഥ്, കരുണ്‍ നായര്‍, ബിആര്‍ ശരത്, കെ ഗൗതം, ശ്രേയാസ് ഗോപാല്‍, വൈശാഖ് വിജയ് കുമാര്‍, റോണിത് മോറെ, പ്രസിദ്ധ് കൃഷ്ണ.

click me!