കലിപ്പടക്കി കോലിയുടെ കലക്കനടി; കൂട്ടിന് രാഹുലും; ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

By Web TeamFirst Published Dec 6, 2019, 10:35 PM IST
Highlights

വിരാട് കോലിയുടെയും(94*) കെ എല്‍ രാഹുലിന്‍റെയും(62*) വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദില്‍ ഇന്ത്യക്ക് വിജയത്തുടക്കം നല്‍കിയത്

ഹൈദരാബാദ്: വിന്‍ഡീസിന്‍റെ റണ്‍മലയ്‌ക്ക് വെടിക്കെട്ട് മറുപടി നല്‍കി ഹൈദരാബാദ് ടി20യില്‍ ടീം ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം. വിന്‍ഡീസ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 18.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയത്തിലെത്തി. വിരാട് കോലിയുടെയും(50 പന്തില്‍ 94*) കെ എല്‍ രാഹുലിന്‍റെയും(40 പന്തില്‍ 62) വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദില്‍ ഇന്ത്യക്ക് വിജയത്തുടക്കം നല്‍കിയത്. സ്‌കോര്‍: വിന്‍ഡീസ്-207-5 (20), ഇന്ത്യ-209-4 (18.4). വില്യംസിനെ സിക്‌സര്‍ പറത്തിയാണ് കോലി വിജയമാഘോഷിച്ചത്. 

തകര്‍ത്താടി കോലിയും രാഹുലും

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ(10 പന്തില്‍ 8)യുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. നാലാം ഓവറില്‍ ഖാരി പിയറെയാണ് വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കെ എല്‍ രാഹുല്‍- വിരാട് കോലി സഖ്യം ഇന്ത്യയെ അനായാസം 12-ാം ഓവറില്‍ 100 കടത്തി. അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ 40 പന്തില്‍ 62 റണ്‍സെടുത്തു. രാഹുലിനെ ഖാരി പിയറെ 14-ാം ഓവറില്‍ പൊള്ളാര്‍ഡിന്‍റെ കൈകളിലെത്തിച്ചു. കോലി-രാഹുല്‍ സഖ്യം 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ കോലിക്കൊപ്പം ഋഷഭ് ചേര്‍ന്നതോടെ വീണ്ടും ആവേശമായി. കോലി 35 പന്തില്‍ അമ്പത് കടന്നു. 

ഫോമില്ലായ്‌മയ്‌ക്ക് ഏറെ വിമര്‍ശനങ്ങള്‍ കേട്ട ഋഷഭ് പന്ത് നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് തുടങ്ങിയത്. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കോലി കത്തിപ്പടര്‍ന്നപ്പോള്‍ അവസാന നാല് ഓവറില്‍ 31 റണ്‍സ് മാത്രമായി വിജയലക്ഷ്യം. എന്നാല്‍ പതിവുപോലെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ പന്ത് കോട്രലിന് വിക്കറ്റ് നല്‍കി മടങ്ങി. കോലിക്കൊപ്പം ചേര്‍ന്ന ശ്രേയസ് അയ്യര്‍ നാല് റണ്‍സെടുത്ത് പൊള്ളാര്‍ഡിന്‍ മാസ്‌മരിക റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. അവിടെയും നിര്‍ത്താതിരുന്ന കോലി ഏഴ് പന്തകലെ ടീം ഇന്ത്യക്ക് ജയം സമ്മാനിച്ചു. ജയിക്കുമ്പോള്‍ കോലിക്കൊപ്പം ദുബെ(0*) ആയിരുന്നു ക്രീസില്‍.

കരീബിയന്‍ ഹിറ്റില്‍ നടുങ്ങിയ മണിക്കൂര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 207 റണ്‍സ് നേടി. ഷിംറോണ്‍ ഹെറ്റ്മയേറിന്റെ (41 പന്തില്‍ 56) ഇന്നിങ്‌സാണ് വിന്‍ഡീസ് വലിയ സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഓവറില്‍ തന്നെ ലെന്‍ഡല്‍ സിമണ്‍ (2)സിനെ ദീപക് ചാഹര്‍ മടക്കിയയച്ചു. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന ലൂയിസ്- ബ്രന്‍ഡണ്‍ കിംഗ് (23 പന്തില്‍ 31) ഇന്ത്യന്‍ ബൗളര്‍മാരെ പൊതിരെ തല്ലി. 51 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ബോര്‍ഡില്‍ 64 റണ്‍സിരിക്കെ ലൂയിസ്(40) മടങ്ങി. എന്നാല്‍ ക്രീസിലെത്തിയ ഹെറ്റ്മയേര്‍ കിംഗിനൊപ്പം 37 റണ്‍സ് ചേര്‍ത്തു. 

പിന്നീടാണ് വിന്‍ഡീസ് ഇന്നിങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട് പിറന്നത്. ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിനൊപ്പം 71 റണ്‍സ് ഹെറ്റ്മയേര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യൂസ്‌വേന്ദ്ര ചാഹലിനെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ ഹെറ്റ്മയേര്‍ പുറത്തായി. രോഹിത് ശര്‍മയ്ക്കായിരുന്നു ക്യാച്ച്. അധികം വൈകാതെ പൊള്ളാര്‍ഡ് (19 പന്തില്‍ 37) മടങ്ങി. ജേസണ്‍ ഹോള്‍ഡര്‍ (9 പന്തില്‍ 24), ദിനേഷ് രാംദിന്‍ (ഏഴ് പന്തില്‍ 11) പുറത്താവാതെ നിന്നു. യുസ്‌വേന്ദ്ര 

ചാഹറിന്റെ രണ്ട് വിക്കറ്റിന് പുറമെ വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

click me!