
പൂനെ: സയ്യിദ് മുഷ്താഖ് അലി ടി20 സൂപ്പര്‍ ലീഗില്‍ മുംബൈക്കെതിരായ മത്സരത്തില്‍ ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 18.5 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി. 29 റണ്‍സ് വീതമെടുത്ത യശസ്വി ജയ്‌സ്വാളും ഹാര്‍ദിക് തമോറെയുമാണ് (29) മുംബൈയുടെ ടോപ് സ്‌കോറര്‍മാര്‍. സുര്യന്‍ഷ് ഷെഡ്‌ജെ 28 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് മുംബൈയെ തകര്‍ത്തത്. ചാമ മിലിന്ദ്, ടി ത്യാഗരാജന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് 11.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 40 പന്തില്‍ 75 റണ്‍സെടുത്ത തന്മയ് അഗര്‍വാളാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അഗര്‍വാള്‍ - അമന്‍ റാവു (29 പന്തില്‍ പുറത്താവാതെ 52) സഖ്യം 127 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ വിജയത്തിനരികെ അഗര്‍വാള്‍ വീണു. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. എന്നാല്‍ അമന്‍ ടീമിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അമന്റെ ഇന്നിംഗ്‌സ്. പ്രഗ്നായ് റെഡ്ഡി (1) പുറത്താവാതെ നിന്നു.
നേരത്തെ, മുംബൈ താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തുത്. മോശം തുടക്കമായിരുന്നു മുംബൈക്ക്. ആദ്യ അഞ്ച് താരങ്ങളില്‍ നാല് പേര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. നാലാം ഓവറില്‍ തന്നെ അജിന്‍ക്യ രഹാനെ (9) ത്യാഗരാജന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു താരത്തെ. മൂന്നാമനായി എത്തിയ സര്‍ഫറാസ് ഖാന്‍ (5) മിലിന്ദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ആംഗ്കൃഷ് രഘുവന്‍ഷി (4), അഥര്‍വ അങ്കോളേക്കര്‍ (3) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ ജയ്‌സ്വാളും മടങ്ങി. ഇതോടെ അഞ്ചിന് 67 എന്ന നിലയിലായി മുംബൈ. 20 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ജയ്‌സ്വാള്‍ മുംബൈ ടീമിനൊപ്പം ചേരുകയായിരുന്നു. അവസാന ഏകകദിനത്തില്‍ സെഞ്ചുറി നേടിയിരുന്നു താരം. എന്നാല്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല.
തുടര്‍ന്ന് ഷെഡ്‌ജെ - തമോറെ സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് കൂട്ടതകര്‍ച്ച ഒഴിവാക്കിയത്. തമോറെ 16-ാം ഓവറില്‍ പുറത്തായതോടെ മുംബൈ വീണ്ടും തകര്‍ന്നു. തൊട്ടടുത്ത ഓവറില്‍ ഷെഡ്‌ജെയും മടങ്ങി. സായ്‌രാജ് പാട്ടീലാണ് (8 പന്തില്‍ 12) രണ്ടക്കം കണ്ട മറ്റൊരു താരം. ഷാര്‍ദുല്‍ താക്കൂര്‍ (0), തനുഷ് കൊട്ടിയാന്‍ (2) എന്നിവരും പുറത്തായി. തുഷാര്‍ ദേശ്പാണ്ഡെ (1) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!