ഹൈദരാബാദ് ടി20 മഴ മുടക്കുമോ; കാലാവസ്ഥ പ്രവചനമിങ്ങനെ

By Web TeamFirst Published Dec 6, 2019, 5:01 PM IST
Highlights

ടി20യിലെ വമ്പന്‍മാരുടെ പോരാട്ടം മഴ കവരാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാം

ഹൈദരാബാദ്: ബംഗ്ലാദേശിനെ തുരത്തിയോടിച്ച ശേഷം വിന്‍ഡീസിനെ തളയ്‌ക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമുള്ള പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴിന് ഹൈദരാബാദിലാണ് ആദ്യ ടി20 നടക്കുന്നത്. വമ്പന്‍മാരുടെ പോരാട്ടം മഴ കവരാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാം. 

മത്സരം നടക്കുന്ന വൈകിട്ട് ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ മഴ പെയ്യാനുള്ള സാധ്യതകള്‍ വിദൂരമാണ് എന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. മത്സരസമയത്ത് ഏഴ് ശതമാനം മാത്രമാണ് മഴയ്‌ക്ക് സാധ്യത. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച് ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 ചാനലുകളില്‍ തത്സമയം കാണാം. 

ട്വന്‍റി 20 റാങ്കിംഗില്‍ ഇന്ത്യ അഞ്ചാമതും വിന്‍ഡീസ് പത്താം സ്ഥാനത്തുമാണ്. ടി20യില്‍ അത്ഭുതങ്ങള്‍ കാട്ടുന്നതാണ് വിന്‍ഡീസ് ശീലം എന്നിരിക്കേ റാങ്കിംഗ് അപ്രസക്തമെന്ന് പറയുന്നു വിരാട് കോലി. ജസ്‌പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും ഒഴികെ പ്രധാന താരങ്ങളെല്ലാം ടീമിലുള്ളപ്പോള്‍ ജയം അനായാസമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ നായകന്‍. ശിഖര്‍ ധവാന്‍റെ അഭാവത്തില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ എൽ രാഹുല്‍ ഇന്നിംഗ്സ് തുടങ്ങിയേക്കും.

കളിക്കുമോ സഞ്‌ജു?

മനീഷ് പാണ്ഡ‍േയുടെ മികച്ച ഫോമും ശിവം ദുബേ മുംബൈക്കാരനെന്നതും അവഗണിക്കാനാകില്ല. അങ്ങെയെങ്കില്‍ സഞ്ജു സാംസണിന്‍റെ കാത്തിരിപ്പ് നീളാനാണ് സാധ്യത. കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന വിന്‍ഡീസ് ടീമിൽ ട്വന്‍ററി 20 ലീഗുകളില്‍ മികവുകാട്ടിയിട്ടുള്ള ഒട്ടേറെ താരങ്ങളുണ്ട്. ക്രിസ് ഗെയ്‌ലും ആന്ദ്രേ റലസും ഡ്വെയ്‌ന്‍ ബ്രാവോയും ഇല്ലെങ്കിലും സന്ദര്‍ശകരെ എഴുതിത്തള്ളേണ്ടതില്ല.

click me!