ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ഭാവി; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സൗരവ് ഗാംഗുലി

By Web TeamFirst Published Dec 6, 2019, 4:14 PM IST
Highlights

ഭാവി സംബന്ധിച്ച് ധോണിക്കും ബിസിസിഐക്കും സെലക്‌ടര്‍മാര്‍ക്കും ഇടയില്‍ ധാരണയായിട്ടുണ്ട് എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു

കൊല്‍ക്കത്ത: എം എസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യന്‍ ടീമിലെ ഭാവി സംബന്ധിച്ച് ധോണിക്കും ബിസിസിഐക്കും സെലക്‌ടര്‍മാര്‍ക്കും ഇടയില്‍ ധാരണയായിട്ടുണ്ട് എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ദാദ. 

'എം എസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. വിരമിക്കല്‍ തീരുമാനം പൂര്‍ണമായും ധോണിയുടേത് മാത്രമായിരിക്കും. ധോണി എപ്പോള്‍ സമീപിക്കുന്നോ, അപ്പോള്‍ അത് ഞങ്ങള്‍ പരിഗണിക്കും. അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ഇതിഹാസ താരങ്ങളുടെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത് അങ്ങനെതന്നെയാവണം'.

'ഭാവികാര്യങ്ങളെ കുറിച്ച് ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ധോണിയുമായി സംസാരിച്ചിരുന്നു. അദേഹവുമായി സംസാരിക്കുന്നത് തുടരുകയാണ്. വിരാട് കോലിയുമായും കാര്യങ്ങള്‍ സംസാരിക്കും. അതിനാലാണ് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവാത്തത്' എന്നും കൊല്‍ക്കത്തയില്‍ സൗരവ് ഗാംഗുലി ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പറഞ്ഞു.  

ഐപിഎല്‍ വരെ കാക്കാന്‍ രവി ശാസ്‌ത്രി

ധോണിയുടെ കാര്യത്തില്‍ തീരുമാനമറിയാന്‍ ഐപിഎല്‍ വരെ കാത്തിരിക്കണമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എപ്പോള്‍ വീണ്ടും കളിക്കാനാരംഭിക്കും, ഐപിഎല്ലിലെ പ്രകടനം, മറ്റ് വിക്കറ്റ് കീപ്പര്‍മാരുടെ ഫോം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനമെന്നും ശാസ്‌ത്രി പറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. 

click me!