രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമോ? മറുപടിയുമായി വീരേന്ദര്‍ സെവാഗ്, ഗംഭീറിനെതിരെ ഒളിയമ്പ്!

Published : Sep 05, 2023, 06:46 PM ISTUpdated : Sep 05, 2023, 06:59 PM IST
രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമോ? മറുപടിയുമായി വീരേന്ദര്‍ സെവാഗ്, ഗംഭീറിനെതിരെ ഒളിയമ്പ്!

Synopsis

ടീം ഇന്ത്യ എന്നതിന് പകരം ടീം ഭാരത് എന്ന് ക്രിക്കറ്റ് ടീം ജേഴ്‌സില്‍ ഉപയോഗിക്കണമെന്നുള്ള വീരേന്ദര്‍ സെവാഗിന്‍റെ ഇന്നത്തെ ആവശ്യം വലിയ ചര്‍ച്ചയ്‌ക്കാണ് വഴി തുറന്നിരിക്കുന്നത്

ദില്ലി: ക്രിക്കറ്റ് മാത്രമല്ല, രാഷ്‌ട്രീയവും പതിവായി സംസാരിക്കാറുള്ള താരമാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സെവാഗ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങും എന്ന അഭ്യൂഹങ്ങള്‍ നേരത്തെ പലതവണ ശക്തമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പേര് ടീം ഇന്ത്യ എന്നത് മാറ്റി ടീം ഭാരത് എന്നാക്കണമെന്ന ട്വിറ്ററിലൂടെയുള്ള സെവാഗിന്‍റെ ആവശ്യം ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. ഇതിന് പിന്നാലെ തന്‍റെ രാഷ്ട്രീയ നിലപാടും ഇതിഹാസ താരം വ്യക്തമാക്കിയിരിക്കുകയാണ്. ക്രീസിലെ ആത്മസുഹൃത്തുക്കളിലൊരാളായിരുന്ന ഇപ്പോഴത്തെ എംപി ഗൗതം ഗംഭീറിനെതിരെ ഒളിയമ്പ് എയ്യുന്നുമുണ്ട് വീരു. 

ടീം ഇന്ത്യ എന്നതിന് പകരം ടീം ഭാരത് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയില്‍ ഉപയോഗിക്കണമെന്നുള്ള വീരേന്ദര്‍ സെവാഗിന്‍റെ ഇന്നത്തെ ആവശ്യം വലിയ ചര്‍ച്ചയ്‌ക്കാണ് വഴി തുറന്നിരിക്കുന്നത്. ഇതിനിടെയാണ് സെവാഗിന്‍റെ രാഷ്‌ട്രീയപ്രവേശനത്തെ കുറിച്ച് ട്വിറ്ററില്‍ സിദ്ധാര്‍ഥ് പൈ എന്നയാളുടെ ചോദ്യം. ഗൗതം ഗംഭീറിന് മുന്നേ താങ്കള്‍ പാര്‍ലമെന്‍റ് അംഗമാകും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത് എന്നായിരുന്നു പൈയുടെ ട്വീറ്റ്. ഇതിനോടുള്ള വീരുവിന്‍റെ പ്രതികരണം ഇങ്ങനെ. 'ഞാന്‍ രാഷ്ട്രീയത്തില്‍ ഒട്ടും തല്‍പരനല്ല. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പില്‍ രണ്ട് പ്രധാന പാര്‍ട്ടികളും എന്നെ സമീപിച്ചിരുന്നു. കായിക താരങ്ങള്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങേണ്ടതില്ല എന്ന കാഴ്‌ചപ്പാടാണ് എനിക്ക്. ക്രിക്കറ്റാണ് എനിക്ക് താല്‍പര്യമുള്ള മേഖല. അവസരം കിട്ടുമ്പോള്‍ പാര്‍ട്‌ടൈം എംപിയായിരിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല' എന്നുമാണ് സെവാഗിന്‍റെ പ്രതികരണം. 

ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് എന്ന് ജേഴ്‌സിയില്‍ എഴുതണം എന്നാവശ്യപ്പെട്ട് വീരേന്ദര്‍ സെവാഗ് ഇന്ന് ട്വീറ്റ് ചെയ്‌തിരുന്നു. 'നമ്മൾ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്, നമ്മുടെ യഥാര്‍ഥ പേരായ ഭാരത് ഔദ്യോഗികമായി തിരികെ ലഭിക്കുന്നതില്‍ കാലതാമസമുണ്ടായിരിക്കുകയാണ്. ഈ ലോകകപ്പില്‍ നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്ന എഴുത്തുണ്ടെന്ന് ഉറപ്പാക്കാൻ ബിസിസിഐയോട് അഭ്യര്‍ഥിക്കുന്നു. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ തുടങ്ങി നിരവധി താരങ്ങള്‍ക്കായി ആര്‍പ്പുവിളിക്കുമ്പോള്‍ ഭാരത് എന്ന വാക്കായിരിക്കണം മനസില്‍ വേണ്ടത്' എന്നും വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയിലെ ഇന്ത്യ എന്ന എഴുത്ത് മാറ്റി ഭാരത് എന്നാക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്ത് സെവാഗ് ആവശ്യപ്പെട്ടിട്ടുണ്ട്. 

Read more: 'ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് മതി'; ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ പേരുമാറ്റം ആവശ്യപ്പെട്ട് സെവാഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ