
തിരുവനന്തപുരം: താനൊരിക്കലും സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ടുനടക്കാറില്ലെന്ന് മലയാളി താരം സഞ്ജു സാംസണ്‍. താന്‍ കാറില്‍ മാത്രമല്ല, ഓട്ടോയിലും സഞ്ചരിക്കാറുണ്ടെന്നും സഞ്ജു വിമല്‍ കുമാറിന്‍റെ യുട്യബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയെല്ലാം ആരാധകര്‍ ദൈവങ്ങളെപ്പോലെയല്ലെ കാണുന്നത്, താങ്കള്‍ എങ്ങനെയാണ് നാട്ടില്‍ പുറത്തിറങ്ങി നടക്കാറുള്ളത് എന്നായിരുന്നു വിമല്‍ കുമാറിന്‍റെ ചോദ്യം. തിരുവനന്തപുരത്തോ കേരളത്തിലോ എനിക്ക് സാധാരണ ആളുകളെപ്പോലെ യാത്ര ചെയ്യാനാവും. റോഡിലൂടെ നടന്നുപോവാറുണ്ട്, ഓട്ടോയില്‍ പോവാറുണ്ട്, പുറത്തിറങ്ങി, എല്ലാവരെയുംപോലെ കാലുകള്‍ കൊണ്ട് തന്നെയാണ് നടക്കാറുള്ളതെന്നും സഞ്ജു പറഞ്ഞു.
എത്ര വലിയവനായാലും താഴ്മയോടെ വിനയത്തോടെ പെരുമാറണമെന്നാണ് എന്നെ മാതാപിതാക്കള്‍ പഠിപ്പിച്ചിരിക്കുന്നത്. സ്റ്റാര്‍ഡത്തിനുവേണ്ടി ഞാനെന്‍റെ ഇമേജ് ഉണ്ടാക്കാറില്ല. ക്രിക്കറ്ററായതുകൊണ്ട് തിരുവനന്തപുരത്ത് റോഡിലിറങ്ങി നടക്കാന്‍ പറ്റില്ലല്ലോ എന്നില്ലല്ലോ എന്നും സഞ്ജു പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ പൊതിയാറില്ലെ എന്ന ചോദ്യത്തിന് ആദ്യമൊക്കെ ചെയ്യുമായിരുന്നു. അന്നെനിക്ക് മനസിലായി, ആളുകളില്‍ നിന്ന് എത്ര മാറി നടക്കുന്നുവോ അത്രയും ബുദ്ധിമുട്ടാകുമെന്ന്.
അതുകൊണ്ട് ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു 90 ശതമാനം ആളുകളുടെ കൈയിലും എന്‍റെ കൂടെയുള്ള സെല്‍ഫിയുണ്ട്. ആദ്യത്തെ തവണ കാണുമ്പോള്‍ അതാ സഞ്ജു സാംസണ്‍ പോവുന്നു എന്ന് പറയും. രണ്ടാം തവണയാവുമ്പോള്‍, ആ സഞ്ജു സാംസണല്ലേ പോവുന്നത് എന്നാവും. എത്രത്തോളം സാധാരണ ജീവിതം ജീവിക്കാന്‍ പറ്റുമോ അങ്ങനെ ജീവിക്കാനാണ് ആഗ്രഹമെന്നും സഞ്ജു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!