
കരിയര്‍ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയില്‍ ആഭ്യന്തര സീസണിന് തുടക്കമിട്ട് ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. കായികക്ഷമതയുടെ അഭാവവും മോശം പെരുമാറ്റവും മൂലം ക്രിക്കറ്റ് ജീവിതം തുലാസിലായ പൃഥ്വി സീസണിന് മുന്നോടിയായി മുംബൈ വിട്ട് മഹാരാഷ്ട്രയില്‍ ചേർന്നിരുന്നു. ബുച്ചി ബാബു ഇൻവിറ്റേഷണല്‍ ടൂർണമെന്റില്‍ ഛത്തീസ്‌ഗഡിനെതിരെ സെഞ്ച്വറി നേടിയാണ് താരം തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയിരിക്കുന്നത്. 111 റണ്‍സാണ് മഹാരാഷ്ട്രക്കായി വലം കയ്യൻ ബാറ്റര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ഛത്തീസ്‌ഗഡ് 252 റണ്‍സാണ് നേടിയത്, പൃഥ്വി ഷായുടെ ശതകമുണ്ടായിട്ടും മഹാരാഷ്ട്രക്ക് 217 റണ്‍സാണ് നേടാൻ സാധിച്ചത്.
“ഒന്നുമില്ലായ്‌മയില്‍ നിന്ന് തിരിച്ചുവരുന്നതില്‍ എനിക്കൊരു പ്രശ്നവുമില്ല. കാരണം ഞാൻ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. ഞാൻ ഉയരത്തിലെത്തിയിരുന്നു. പിന്നീട് താഴേക്ക് പോയി. തിരിച്ചുവരാനുള്ള ശ്രമമാണ്. എല്ലാം സാധ്യമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ ആത്മവിശ്വാസമുള്ള വ്യക്തിയാണ്, എന്നിലും എന്റെ കഴിവിലും. ഈ സീസണ്‍ എനിക്കും ടീമിനും അനുകൂലമായി പരിണമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” പൃഥ്വി ഷാ വ്യക്തമാക്കി.
ശാരീരിക ക്ഷമതയുടേയും അച്ചടക്കത്തിന്റേയും പേരില്‍ വിമര്‍ശിക്കപ്പെടുമ്പോഴും തന്റെ ബാറ്റിങ് മികവില്‍ പൃഥ്വി ഒരുപാട് പിന്നോട്ട് പോയില്ലെന്നാണ് ഇന്നിങ്സ് തെളിയിക്കുന്നത്. 141 പന്തുകളില്‍ നിന്നാണ് താരം 111 റണ്‍സെടുത്തത്. 15 ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
"ഒന്നിലും മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായ കാര്യങ്ങളിലേക്ക് തിരിച്ചുപോയി. അണ്ടര്‍ 19 കാലത്ത് ചെയ്തിരുന്നവ പിന്തുടര്‍ന്നു. അതെല്ലാം ആവര്‍ത്തിക്കുകയാണ്. പരിശീലനം, ജിം, ഓട്ടം...അങ്ങനെ പലതും. 12, 13 വയസുമുതല്‍ ആരംഭിച്ചതാണ് ഇതെല്ലാം, അത്ര കഠിനമായ ഒന്നാണെന്ന് തോന്നിയിട്ടില്ല, പൃഥ്വി കൂട്ടിച്ചേര്‍ത്തു.
കഠിനമായ പരിശീലനത്തിന് പുറമെ സോഷ്യല്‍ ലോകത്തുനിന്നും വിട്ടുനില്‍ക്കുകയാണ് നിലവില്‍ താരം. സമൂഹമാധ്യമങ്ങളില്‍ ഒരുപാട് ചിലവിടാൻ ആഗ്രഹിക്കുന്നില്ല. അത്തരത്തിലുള്ള ഒന്നും ശ്രദ്ധയെ ബാധിക്കാതിരിക്കാനാണ് നോക്കുന്നത്. ഇക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ അത്ര നല്ല അന്തരീക്ഷമല്ല. ഉപയോഗിക്കാതിരിക്കുമ്പോള്‍ സമാധാനമുണ്ട്," താരം പറഞ്ഞു.
എനിക്കാരുടേയും കരുണ വേണ്ട. എനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട്. സുഹൃത്തുക്കളും ഒപ്പമുണ്ട്. എന്റെ കാര്യങ്ങള്‍ സ്വയം ശ്രേദ്ധിക്കാനാണ് ശ്രമിക്കുന്നത്. അതാണ് നല്ലതെന്നും എനിക്ക് തോന്നുന്നെന്നും പൃഥ്വി പ്രതികരിച്ചു.