അസുഖബാധിതനായശേഷം ശരീരഭാരം രണ്ട് കിലോയോളം കുറഞ്ഞുവെന്ന് അഭിഷേക് വീഡിയോയില്‍ പറയുന്നു. എങ്ങനെയുണ്ട് എന്ന അര്‍ഷ്ദീപിന്‍റെ ചോദ്യത്തിന് പരിപ്പും ചോറും നന്നായിട്ടുണ്ടെന്നായിരുന്നു അഭിഷേകിന്‍റെ മറുപടി.

കൊളംബോ: ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തന്‍റെ ആരോഗ്യത്തെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും വെളിപ്പെടുത്തി ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശർമ്മ. പനിയും വയറിലെ അണുബാധയെയും തുടർന്ന് ആശുപത്രിയിലായിരുന്ന അഭിഷേക് ഞായറാഴ്ച കൊളംബോയില്‍ നടക്കുന്ന പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിനിറങ്ങുമോ എന്ന ആശങ്ക നിലിനില്‍ക്കെയാണ സഹതാരം അര്‍ഷ്തദീപ് സിംഗിന്‍റെ വീഡിയോ ബ്ലോഗില്‍ അഭിഷേക് തന്‍റെ ആരോഗ്യസ്ഥിതി പങ്കുവെച്ചത്.

അസുഖബാധിതനായശേഷം ശരീരഭാരം രണ്ട് കിലോയോളം കുറഞ്ഞുവെന്ന് അഭിഷേക് വീഡിയോയില്‍ പറയുന്നു. എങ്ങനെയുണ്ട് എന്ന അര്‍ഷ്ദീപിന്‍റെ ചോദ്യത്തിന് പരിപ്പും ചോറും നന്നായിട്ടുണ്ടെന്നായിരുന്നു അഭിഷേകിന്‍റെ മറുപടി. മെലിഞ്ഞുപോയല്ലോ എന്ന് അര്‍ഷ്ദീപ് പറയുമ്പോഴാണ് അസുഖബാധിതനായശേഷം ശരീരഭാരം രണ്ട് കിലോയോളം കുറഞ്ഞുവെന്ന് അഭിഷേക് പറയുന്നത്. നിലവിൽ കടുത്ത ഡയറ്റിലാണ്. പരിപ്പും ചോറുമാണ് പ്രധാന ഭക്ഷണമെന്നും അഭിഷേക് പറയുന്നു. താൻ പൂർണ്ണ കായികക്ഷമതയിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിഷേക് വെള്ളിയാഴ്ച കൊളംബോയിൽ ചെറിയതോതില്‍ പരിശീലനം നടത്തിയെങ്കിലും പാകിസ്ഥാനെതിരായ നിര്‍ണായ പോരാട്ടത്തില്‍ കളിക്കുന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. പനിയും വയറിലെ അണുബാധയെയും തുടർന്ന് ശരീരത്തിന് ഉണ്ടായ കടുത്ത ക്ഷീണവും ശാരീരികക്ഷമത കുറഞ്ഞതുമാണ് ടീം മാനേജ്‌മെന്‍റിനെ അലട്ടുന്ന പ്രധാന പ്രശ്നം.

Scroll to load tweet…

അഭിഷേക് ഇപ്പോഴും പൂർണ്ണ ആരോഗ്യവാനല്ലെന്നും ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടിവരുമെന്നും നമീബിയക്കെതിരായ മത്സരത്തിലെ ടോസിനുശേഷം സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. അഭിഷേക് ശർമ്മ പൂർണ്ണ ഫിറ്റല്ലെങ്കിൽ ഇഷാൻ കിഷനൊപ്പം സഞ്ജു സാംസൺ തന്നെ പാകിസ്ഥാനെതിരെയും ഓപ്പണറായി തുടരുമെന്നാണ് കരുതുന്നത്. ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന വട്ട പരിശീലനത്തിന് ശേഷം മാത്രമേ അന്തിമ ഇലവനെ പ്രഖ്യാപിക്കൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക