ആ ഷോട്ടുകൾ റബർ പന്തിൽ കളിച്ച കാലത്തേ പരിശീലിച്ചിരുന്നു; വറൈറ്റി സിക്സറുകളെക്കുറിച്ച് മനസ്സ് തുറന്ന് സൂര്യ  

By Web TeamFirst Published Nov 7, 2022, 8:17 PM IST
Highlights

സ്കൂപ്പ് ഷോട്ടുകൾ ഇത്ര ആത്മവിശ്വാസത്തോടെ എങ്ങനെ കളിക്കാൻ സാധിക്കുന്നതിന്റെ കാരണവും താരം വിശദീകരിച്ചു.

മെൽബൺ: സിംബാബ‍്വെക്കെതിരെ സൂര്യകുമാർ യാദവിന്റെ വ്യത്യസ്തവും സാഹസികവുമായ ഷോട്ട് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മികച്ച രീതിയിൽ പന്തെറിഞ്ഞ റിച്ചാർഡ് ​ഗവാരക്കെതിരെ അവസാന ഓവറിൽ സൂര്യകുമാർ പറത്തിയ സിക്സ് കണ്ട് തലയിൽ കൈവെക്കാത്തവർ ചുരുക്കം. സ്കൂപ്പ് ഷോട്ടുകൾ ഇത്ര ആത്മവിശ്വാസത്തോടെ എങ്ങനെ കളിക്കാൻ സാധിക്കുന്നതിന്റെ കാരണവും താരം വിശദീകരിച്ചു. റബർ ബോളിൽ കളിക്കുന്ന കാലത്തേ ഇത്തരം ഷോട്ടുകൾ സ്ഥിരമായി പരിശീലിക്കുമായിരുന്നെന്ന് സൂര്യകുമാർ പറയുന്നു.

'പന്തെറിയുന്ന സമയം ബൗളറെന്ത് ചിന്തിക്കുന്നു എന്നത് നമ്മൾ മനസ്സിൽ കാണണം. ഫീൽഡിങ് സെറ്റപ്പും നമ്മൾ കണക്കുകൂട്ടണം. ബാറ്റ് ചെയ്യുമ്പോൾ ബോളിന്റെ വേ​ഗതയും ബൗണ്ടറി 60-65 മീറ്ററാണെന്നും കണക്കാക്കും. ബാറ്റിന്റെ കൃത്യസ്ഥലത്താണ് പന്തെത്തുന്നതെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ട, പന്ത് ബൗണ്ടറി കടക്കും'- സൂര്യകുമാർ യാദവ് പറഞ്ഞു. ബാറ്റിങ്ങിനറങ്ങുമ്പോൾ തന്നെ കുറച്ച് ബൗണ്ടറികൾ നേടാൻ ശ്രമിക്കും. അത് നടന്നില്ലെങ്കിൽ ഓടി റൺസ് കണ്ടെത്തു. കോലിയോടൊപ്പമാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ നന്നായി ഓടേണ്ടി വരും. ​ഗ്യാപ് കണ്ടെത്തി സ്കോർ ചെയ്യാനാണ് ശ്രമിക്കുക. ഓരോ സമയത്തും ഏത് തരം ഷോട്ടാണ് കളിക്കേണ്ടതെന്ന് അറിയാം. എല്ലാ തരം ഷോട്ട് കളിക്കാനും ശ്രമിക്കുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരമാണ് സൂര്യകുമാർ യാദവ്. നാലാമതായി ക്രീസിലെത്തുന്ന സൂര്യയുടെ ബാറ്റിലാണ് എല്ലാ പ്രതീക്ഷയും. ട്വന്റി 20 ക്രിക്കറ്റിൽ ഒരു വർഷം 1000 റൺസ് തികക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യൻ താരവും സൂര്യകുമാർ യാദവാണ്. നിലവിൽ റാങ്കിങ്ങിൽ ഒന്നാമതും സൂര്യ തന്നെ. അഞ്ച് മത്സരങ്ങളില്‍ 225 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നമനാണ് സൂര്യ. 

click me!