
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിക്കാന്‍ ശക്തമായ മത്സരമാണ് താരങ്ങള്‍ തമ്മില്‍ നടക്കുന്നത്. യുവതാരങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ ബഞ്ച് കരുത്ത് തന്നെ അത്രയേറെ. ഇതിനിടെ മികച്ച ഐപിഎല്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള തന്‍റെ ആഗ്രഹം പരസ്യമാക്കിയിരിക്കുകയാണ് ബാറ്റര്‍ നിതീഷ് റാണ.
'ഇന്ത്യക്കായി മറ്റൊരു അവസരം ലഭിക്കാന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ അതിയായ ആഗ്രഹമുണ്ട്. മികച്ച പ്രകടനം നടത്താത്തതിനാല്‍ ഒഴിവുകഴിവുകളൊന്നും പറയാനാവില്ല. അടുത്ത ഐപിഎല്‍ സീസണ്‍ മുതല്‍ 500ലധികം റണ്‍സ് കണ്ടെത്തിയാല്‍ സെലക്‌ടര്‍മാര്‍ക്ക് എന്നെ തഴയാനാവില്ല. മികച്ച പ്രകടനം നടത്തുകയും റണ്‍സ് കണ്ടെത്തുകയുമാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നു. ഈ സീസണില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എല്ലാക്കാര്യങ്ങളും എന്‍റെ കയ്യിലല്ല. എനിക്ക് ഏറ്റവും മികച്ച പ്രകടനം ടീമിന് നല്‍കണം. അത്രമാത്രമേയുള്ളൂ. കളിക്കാന്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം 100 ശതമാനം ആത്‌മാര്‍ഥതയോടെ പ്രകടനം കാഴ്‌ചവെക്കാന്‍ ശ്രമിക്കും' എന്നും നിതീഷ് റാണ ഇന്ത്യ ടുഡേയോട് പറഞ്ഞു.
400 അടിച്ചിട്ടും രക്ഷയില്ലേല്‍ 600 അടിക്കണം
'400 റണ്‍സടിച്ചിട്ടും എന്നെ ടീമിലെടുക്കുന്നില്ലെങ്കില്‍ 600 റണ്‍സ് ഞാന്‍ നേടേണ്ടതുണ്ട്. അക്കാര്യം എനിക്ക് ഇപ്പോള്‍ മനസിലായി. ഭാവി എന്‍റെ കയ്യിലാണ്. അതിനുള്ള പരിശ്രമങ്ങളിലാണ്. കഴിഞ്ഞ സീസണില്‍ ടീം പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവെച്ചില്ല. മത്സരഫലങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായില്ല. അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്തുകയും ഈഡന്‍ ഗാര്‍ഡന്‍സില്‍ കപ്പുയര്‍ത്തുകയും ചെയ്യുമെന്ന് കരുതുന്നു. ഇപ്പോഴേ എല്ലാം പ്ലാന്‍ ചെയ്യാനാവില്ല. മിനി താരലേലത്തില്‍ കൂടുതല്‍ താരങ്ങളെ കണ്ടെത്തണം. ആഭ്യന്തര താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ആത്മവിശ്വാസം വര്‍ധിക്കുമെന്നും' കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കൂട്ടിച്ചേര്‍ത്തു.
ശിഖര്‍ ധവാന്‍ നായകത്വത്തില്‍ 2021ല്‍ ശ്രീലങ്കയ്‌ക്ക് എതിരെയായിരുന്നു നിതീഷ് റാണയുടെ രാജ്യാന്തര അരങ്ങേറ്റം. രണ്ട് ടി20കളിലും ഒരു ഏകദിനത്തിലും ഇറങ്ങിയ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. രാജ്യാന്തര ഏകദിനത്തില്‍ ഏഴും ടി20യില്‍ 15 ഉം റണ്‍സ് മാത്രമേ നിതീഷ് റാണയ്‌ക്കുള്ളൂ. അതേസമയം ഐപിഎല്ലില്‍ 91 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 27.96 ശരാശരിയിലും 134.22 സ്‌ട്രൈക്ക് റേറ്റിലും 2181 റണ്‍സ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!