വന്‍മതില്‍ പൂജാരയെ നിങ്ങളറിയൂ, വെടിക്കെട്ട് ബാറ്ററെ അറിയില്ല; കാണാം ഒരോവറിലെ 22 റണ്‍സ്!

By Jomit JoseFirst Published Aug 13, 2022, 11:32 AM IST
Highlights

വാര്‍വിക്‌ഷെയറിനെതിരെ പൂജാര 73 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടുകയായിരുന്നു. ഇതിലൊരു ഓവറിലാണ് 4, 2, 4, 2, 6, 4 എന്നിങ്ങനെ നേടി 22 റണ്‍സ് പൂജാര അടിച്ചുകൂട്ടിയത്.

ലണ്ടന്‍: ക്ലാസിക് ഡിഫന്‍സും രക്ഷാപ്രവര്‍ത്തനവും കൊണ്ട് ടീം ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ചേതേശ്വര്‍ പൂജാര. ടി20 ക്രിക്കറ്റിന്‍റെ അതിവേഗമൊന്നും അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല. അതിനാല്‍തന്നെ ഐപിഎല്‍ താരലേലത്തില്‍ പോലും പൂജാര വലിയ ചര്‍ച്ചയായ പേരായിരുന്നില്ല. എന്നാല്‍ റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പില്‍ സസെക്‌സിനായി തീപ്പൊരി ബാറ്റിംഗ് കൊണ്ട് വെടിക്കെട്ട് വീരന്‍ എന്ന പേര് ചാര്‍ത്തിക്കിട്ടിയിരിക്കുകയാണ് പൂജാരയ്‌ക്കിപ്പോള്‍. ഒരോവറില്‍ മാത്രം ടി20 മാതൃകയില്‍ പൂജാര 22 റണ്‍സ് അടിച്ചുകൂട്ടി.

വാര്‍വിക്‌ഷെയറിനെതിരെ പൂജാര 73 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടുകയായിരുന്നു. ഇതിലൊരു ഓവറിലാണ് 4, 2, 4, 2, 6, 4 എന്നിങ്ങനെ നേടി 22 റണ്‍സ് പൂജാര അടിച്ചുകൂട്ടിയത്. പേസര്‍ ലിയാം നോര്‍വെല്ലിന്‍റെ അവസാന ഓവറിലാണ് പൂജാരയുടെ ബാറ്റ് സംഹാരതാണ്ഡവമാടിയത്. ക്രീസില്‍ അനായാസം മൂവ് ചെയ്‌തായിരുന്നു അദ്ദേഹത്തിന്‍റെ ബൗണ്ടറിമേളം. കോപ്പിബുക്ക് ഷോട്ടുകളുടെ ആശാനായ പൂജാര ഇത്തരത്തില്‍ ബാറ്റ് ചെയ്യുന്നത് തന്നെ അത്യപൂര്‍വ കാഴ്‌ചയായി. 

4 2 4 2 6 4

TWENTY-TWO off the 47th over from . 🔥 pic.twitter.com/jbBOKpgiTI

— Sussex Cricket (@SussexCCC)

എന്നാല്‍ പൂജാരയുടെ സെഞ്ചുറിക്കും വാര്‍വിക്‌ഷെയറിനെതിരായ ആവേശപ്പോരാട്ടത്തില്‍ സസെക്സിനെ ജയിപ്പിക്കാനായില്ല. മത്സരത്തില്‍ 311 റണ്‍സ് പിന്തുടര്‍ന്ന സസെക്സ് നാല് റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 50 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പൂജാര പിന്നീട് ടോപ് ഗിയറിലേക്ക് ഇന്നിംഗ്‌സ് പറിച്ചുനട്ടു. പിന്നീട് നേരിട്ട 23 പന്തില്‍ പൂജാര സെഞ്ചുറിയിലെത്തി. 79 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും പറത്തിയ പൂജാര 107 റണ്‍സടിച്ച് 49-ാം ഓവറില്‍ പുറത്തായി. 81 റണ്‍സെടുത്ത അലിസ്റ്റര്‍ ഓറും സസെക്സിനായി തിളങ്ങി. വാര്‍വിക്‌ഷെറിനായി പന്തെറിഞ്ഞ ഇന്ത്യയുടെ ക്രുനാല്‍ പാണ്ഡ്യ 10 ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വാര്‍വിക്‌ഷെയറിനായി റോബര്‍ട്ട് യേറ്റ്സ് സെഞ്ചുറിയും(111 പന്തില്‍ 114), ക്യാപ്റ്റന്‍ റോഡ്സ് അര്‍ധസെഞ്ചുറിയും(70 പന്തില്‍ 76) നേടിയിരുന്നു. ഇംഗ്ലണ്ടിലെ ബാറ്റിംഗ് ഫോം തുടരുകയാണ് ചേതേശ്വര്‍ പൂജാര. അടുത്തിടെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കം അഞ്ച് സെഞ്ചുറികളുമായി പൂജാര തിളങ്ങിയിരുന്നു.

ഒരോവറില്‍ 22 റണ്‍സ്, 73 പന്തില്‍ സെഞ്ചുറി, ഇംഗ്ലണ്ടില്‍ പൂജാര ആറാടുകയാണ്

click me!