അടുത്ത തവണ കാണുമ്പോള്‍ അദ്ദേഹത്തെ ഞാന്‍ ഇതിഹാസമെന്ന് വിളിക്കും; ഇന്ത്യന്‍ ബൗളറെക്കുറിച്ച് ഹര്‍ഭജന്‍

By Web TeamFirst Published Feb 27, 2021, 8:29 PM IST
Highlights

ഒരു കളിക്കാരന്‍ ശാരീരികമായും മാനസികമായും പരീക്ഷിക്കപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുക എന്നത് വലിയ കാര്യമാണ്. അതുപോലെ ടീമിന് ഒന്നിന് പുറകെ ഒന്നായി വിജയങ്ങള്‍ നല്‍കുക എന്നതും.  അതുകൊണ്ടുതന്നെ അശ്വിന്‍ ഒരു ഇതിഹാസമാണെന്നതില്‍ തര്‍ക്കമില്ല.

ചണ്ഡീഗഡ്: ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആര്‍ അശ്വിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുക എന്നത് വലിയ കാര്യമാണെന്നും അതുകൊണ്ടു തന്നെ അശ്വിന്‍ ശരിക്കുമൊരു ഇതിഹാസമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഒരു കളിക്കാരന്‍ ശാരീരികമായും മാനസികമായും പരീക്ഷിക്കപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുക എന്നത് വലിയ കാര്യമാണ്. അതുപോലെ ടീമിന് ഒന്നിന് പുറകെ ഒന്നായി വിജയങ്ങള്‍ നല്‍കുക എന്നതും.  അതുകൊണ്ടുതന്നെ അശ്വിന്‍ ഒരു ഇതിഹാസമാണെന്നതില്‍ തര്‍ക്കമില്ല.

ഇനി അശ്വിന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേടിയിരുന്നില്ലെങ്കിലും അദ്ദേഹത്തെ ഇതിഹാസമായി കാണേണ്ടിവരും. കാരണം, ഇന്ത്യക്കായി എത്രയോ മത്സരങ്ങള്‍ അദ്ദേഹം ജയിച്ചിട്ടുണ്ട്. ഇനിമുതല്‍ അശ്വിനെ ലെജെന്‍ഡ് എന്നെ വിളിക്കു എന്ന് കോലി പറഞ്ഞതു കേട്ടപ്പോള്‍ സന്തോഷം തോന്നി. ഞാനും അടുത്തതവണ അദ്ദേഹത്തെ കാണുമ്പോള്‍ ഇതിഹാസമെന്നെ വിളിക്കൂ-സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പങ്കെടുത്ത് ഹര്‍ഭജന്‍ പറഞ്ഞു.

ഒരു ബൗളറുടെ പ്രധാന കടമ വിക്കറ്റെടുക്കുക എന്നതു തന്നെയാണ്. അതും എതിരാളികളുടെ പ്രധാനപ്പെട്ട ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റെടുക്കുക എന്നത്. ഇംഗ്ലണ്ടിന്‍റെ പ്രധാന താരങ്ങളായ ജോ റൂട്ടിനെയും ബെന്‍ സ്റ്റോക്സിനെയും പുറത്താക്കി അശ്വിന്‍ അത് ഭംഗിയായി നിറവേറ്റി. ഇപ്പോള്‍ മാത്രമല്ല കരിയറിന്‍റെ തുടക്കം മുതല്‍ ഇരുവരെയും അശ്വിന്‍ നിരവധി തവണ പുറത്താക്കിയിട്ടുണ്ട്. അത് അതുപോലെ തുടരാന്‍ അദ്ദേഹത്തിനാവട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന-ഹര്‍ഭജന്‍ പറഞ്ഞു.

click me!