ധോണിയാവാന്‍ തനിക്കാവില്ല; ആരാധകരോട് ഹര്‍ദിക് പാണ്ഡ്യ

By Web TeamFirst Published Jan 9, 2020, 2:31 PM IST
Highlights

ടി20 ലോകകപ്പില്‍ എം എസ് ധോണി കളിക്കുമോ എന്ന് ഉറപ്പാവാത്ത സാഹചര്യത്തില്‍ ഫിനിഷറായാണ് പാണ്ഡ്യയെ ആരാധകര്‍ കാണുന്നത്

മുംബൈ: ടി20 ലോകകപ്പ് നടക്കാനിരിക്കേ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ പാണ്ഡ്യ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്‌ച ടീമിനെ പ്രഖ്യാപിക്കാനിരിക്കേ പാണ്ഡ്യയുടെ പേര് ഉയര്‍ന്നുവരും എന്ന ആകാംക്ഷയിലാണ് ടീം ഇന്ത്യയുടെ ആരാധകര്‍.

ടി20 ലോകകപ്പില്‍ എം എസ് ധോണി കളിക്കുമോ എന്ന് ഉറപ്പാവാത്ത സാഹചര്യത്തില്‍ ഫിനിഷറായാണ് പാണ്ഡ്യയെ ആരാധകര്‍ കാണുന്നത്. എന്നാല്‍ തനിക്കൊരിക്കലും ധോണിയാവാന്‍ കഴിയില്ലെന്ന് ഇരുപത്തിയാറുകാരനായ താരം പറയുന്നു. 'എം എസ് ധോണിയുടെ സ്ഥാനം നികത്താന്‍ എനിക്കൊരിക്കലും കഴിയില്ല. അതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടുമില്ല. വെല്ലുവിളികള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നു എന്ന് ശരിതന്നെ. ഞാന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അത് ടീമിന് വേണ്ടിയാണ്' എന്നും പാണ്ഡ്യ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ടീം ഇന്ത്യയുടെ നിലവിലെ വിശ്വസ്തനായ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ പരിക്കുമൂലം മാസങ്ങളായി കളിക്കുന്നില്ല. സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ച താരം ഒക്‌ടോബറില്‍ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കിടെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. പിന്നീട് ടീം ഇന്ത്യ കളിച്ച ഒരു മത്സരങ്ങളിലും ഹര്‍ദിക് പാണ്ഡ്യയുണ്ടായിരുന്നില്ല. ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനൊപ്പം കളിച്ചാവും പാണ്ഡ്യ ഫിറ്റ്‌നസ് തെളിയിക്കുക. 

പാണ്ഡ്യ വരുന്നു, ദുബെ പുറത്തേക്ക്

ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ഓള്‍റൗണ്ടര്‍ ശിവം ദുബെക്ക് സ്ഥാനം നഷ്‌ടമാകും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ദുബെയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ട്. ഹര്‍ദിക്കിന് പരിക്കേറ്റതോടെ ദേശീയ ടീമിലെത്തിയ ദുബെക്ക് ഒരു ഏകദിനവും ഏഴ് ടി20കളും കളിക്കാനാണ് അവസരം ലഭിച്ചത്. ടി20യില്‍ 64 റണ്‍സും മൂന്ന് വിക്കറ്റുമാണ് സമ്പാദ്യം. 

click me!