'പരിക്ക് മാറി തിരിച്ചെത്തുമ്പോള്‍ റിഷഭ് പന്തിന്‍റെ മുഖം നോക്കി ഒരടി കൊടുക്കും'; കാരണം വ്യക്തമാക്കി കപില്‍ ദേവ്

By Web TeamFirst Published Feb 8, 2023, 12:50 PM IST
Highlights

എനിക്കവനെ ഏറെ ഇഷ്ടമാണ്. അവന്‍ എത്രയും വേഗം ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ തിരിച്ചുവന്നാല്‍ അവന്‍റെ മുഖം നോക്കി ഒരു അടി കൊടുക്കും ഞാന്‍.

ചണ്ഡീഗഡ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ നാഗ്പൂരില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് റിഷഭ് പന്തിന്‍റെ സാന്നിധ്യമാകും. ഡിസംബര്‍ 30ന് ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിന് ആറ് മാസത്തേക്ക് എങ്കിലും മത്സര ക്രിക്കറ്റില്‍ കളിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച റിഷഭ് പന്തിന്‍റെ അസാന്നിധ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയുമാണ്. ഈ സാഹചര്യത്തില്‍ റിഷഭ് പന്ത് പരിക്ക് മാറി തിരിച്ചെത്തുമ്പോള്‍ മുഖത്തൊരു അടികൊടുക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.

കാര്‍ അപകടത്തില്‍ പെട്ട് പരിക്കേറ്റ് പുറത്തുപോയ റിഷഭ് പന്ത് ഇന്ത്യന്‍ ടീമിന്‍റെയാകെ സന്തുലനമാണ് തെറ്റിച്ചതെന്നും കപില്‍ ദേവ് പറഞ്ഞു. എനിക്കവനെ ഏറെ ഇഷ്ടമാണ്. അവന്‍ എത്രയും വേഗം ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ തിരിച്ചുവന്നാല്‍ അവന്‍റെ മുഖം നോക്കി ഒരു അടി കൊടുക്കും ഞാന്‍. കാരണം, ശ്രദ്ധിക്കാതെ വണ്ടിയോടിച്ച് അപകടത്തില്‍പെട്ട് ഇന്ത്യന്‍ ടീമിന്‍റെ സന്തുലനം തന്നെ തെറ്റിച്ചതിന്. പന്തിനോട് സ്നേഹവും വാത്സല്യവും ഉള്ളപ്പോള്‍ തന്നെ ഒരേസമയം ദേഷ്യവും തോന്നുന്നുണ്ട്. കാരണം, ഇന്നത്തെ ചെറുപ്പക്കാര്‍ എന്താണ് ഇങ്ങനെ അശ്രദ്ധരാകുന്നത് എന്നതുകൊണ്ടാണത്. അതുകൊണ്ടുതന്നെ അവന്‍ തിരിച്ചുവരുമ്പോള്‍ മുഖത്ത് തന്നെ ഒരടികൊടുക്കാനായി കാത്തിരിക്കുകയാണ് ഞാന്‍.

നെറ്റ്സില്‍ സ്മിത്തിനെ 5-6 തവണ പുറത്താക്കിയെന്ന് ഇന്ത്യന്‍ സ്പിന്നര്‍ മഹേഷ് പിതിയ

പന്തിന്‍റെ അഭാവം ഇന്ത്യന്‍ മധ്യനിരയെ ആകെ ആശങ്കയിലാഴ്ത്തുന്നുവെന്നും കപില്‍ പറഞ്ഞു. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും പന്ത് നിര്‍ണായക സാന്നിധ്യമാണ്. പന്തിന്‍റെ കൗണ്ടര്‍ അറ്റാക്കുകള്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. നിലവിലെ ടീമില്‍ അതുപോലെ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാര്‍ യദവുമെന്നും കപില്‍ പറഞ്ഞു.

നാളെയാണ് ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. പന്തിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ കെ എസ് ഭരതോ ആകും ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി കളിക്കുക എന്നാണ് സൂചന.

click me!