രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയെ ക്ഷണിച്ചാല്‍ ഓസ്ട്രേലിയക്ക് തന്നെ 'പണി'കിട്ടുമെന്ന് മുന്‍താരം

By Web TeamFirst Published Dec 9, 2019, 8:05 PM IST
Highlights

2020-2021 വര്‍ഷത്തിലാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനത്തിന് പോവുന്നത്. ഈ സമയത്ത് നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്ന ഇന്ത്യയോട് ഇതില്‍ രണ്ടെണ്ണം ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനാവുമോ എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആരായുന്നത്.

മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രണ്ട് ഡേ നൈറ്റ് കളിക്കാനുള്ള സാധ്യത ആരായുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. എന്നാല്‍ ഇന്ത്യയുമായി രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന് തുറന്നു പറയുകയാണ് ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍.

2020-2021 വര്‍ഷത്തിലാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനത്തിന് പോവുന്നത്. ഈ സമയത്ത് നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്ന ഇന്ത്യയോട് ഇതില്‍ രണ്ടെണ്ണം ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനാവുമോ എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആരായുന്നത്. എന്നാല്‍ ഇന്ത്യയുടെ നിലവിലെ ബൗളിംഗ് കരുത്ത് കണക്കിലെടുത്താല്‍ ഇത് ഓസീസിന് തിരിച്ചടിയാകുമെന്ന് ചാപ്പല്‍ ക്രിക്ക് ഇന്‍ഫോയിലെഴുതിയ കോളത്തില്‍ പറഞ്ഞു. ബൗളിംഗ് കരുത്ത് മാത്രമല്ല ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്ന കോലിയുടെ നായകത്വവും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

ജനുവരിയില്‍ ഓസ്ട്രേലിയന്‍ ടീം ഏകദിന, ടി20 പരമ്പരകള്‍ക്കായി ഇന്ത്യയിലെത്തുമ്പോള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനുള്ള സാധ്യകതളെക്കുറിച്ച് ബിസിസിഐയുമായി ചര്‍ച്ച നടത്തുമെന്നാണ് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു കാര്യവും ഇതുവരെ ചര്‍ച്ചയായിട്ടില്ലെന്നായിരുന്നു നേരത്തെ ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം.

ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്തയിലാണ് ഇന്ത്യ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചത്. ഇതിന് കാണികളില്‍ നിന്ന് ലഭിച്ച വമ്പന്‍ സ്വീകരണമാണ് കൂടുതല്‍ ഡേ നൈറ്റ് ടെസ്റ്റുകള്‍ കളിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.

click me!