
ദുബായ്: കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 2021ലെ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ഐസിസി. ന്യൂസിലന്‍ഡിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരാക്കിയ കെയ്ന്‍ വില്യംസണ്‍(Kane Williamson) നായകനാകുന്ന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുമുണ്ട്. മുന്‍ നായകന്‍ വിരാട് കോലിക്കും(Virat Kohli) മുന്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനും(Steve Smith) ടീമില്‍ ഇടം നേടാനായില്ല എന്നത് ശ്രദ്ധേയമായി.
ശ്രീലങ്കയുടെ ദിമുത് കരുണരത്നെക്കൊപ്പം ഇന്ത്യയുടെ രോഹിത് ശര്‍മയാണ് ടെസ്റ്റ് ടീമിന്‍റെ ഓപ്പണര്‍. മൂന്നാം നമ്പറില്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ എത്തുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് നാലാം സ്ഥാനത്ത്. കെയ്ന്‍ വില്യംസണ്‍ അഞ്ചാമതും പാക്കിസ്ഥാന്‍റെ ഫവാദ് ആലം ആറാം സ്ഥാനത്തും എത്തുന്ന ടീമില്‍ ഇന്ത്യയുടെ റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.
ഇന്ത്യന്‍ താരം ആര്‍ അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍. ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജയ്മിസണ് പുറമെ പാക് പേസര്‍മാരായ ഹസന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍.
കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ 47.ച68 ശരാശരിയില്‍ 906 റണ്‍സ് നേടിയതാണ് വിരാട് കോലിയെ മറികടന്ന് രോഹിത് ശര്‍മക്ക് ടെസ്റ്റ് ടീമില്‍ ഇടം നല്‍കിയത്. റിഷഭ് പന്താകട്ടെ മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ആയതിനൊപ്പം കഴിഞ്ഞ വര്‍ഷം കളിച്ച 12 മത്സരങ്ങളില്‍ 39.36 ശരാശരിയില്‍ 748 റണ്‍സടിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു ടെസ്റ്റിലും കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്പത് ടെസ്റ്റില്‍ 16.64 ശരാശരിയില്‍ 54 വിക്കറ്റ് വീഴ്ത്താന്‍ അശ്വിനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!