ഐസിസിയുടെ ഈ വർഷത്തെ മികച്ച പുരുഷ ട്വന്റി 20 താരമാകാൻ സൂര്യ, എമർജിംഗ് ക്രിക്കറ്റ‍ർ പട്ടികയിൽ അർഷ്‍ദീപ്

By Web TeamFirst Published Dec 29, 2022, 2:21 PM IST
Highlights

31 മത്സരങ്ങളിൽ നിന്ന് 1164 റൺസാണ് സൂര്യ അടിച്ചുകൂട്ടിയത്. 2022 ട്വന്റി 20 ക്രിക്കറ്റിൽ സൂര്യതേജസ്സുള്ള വർഷമായാണ് എഴുതപ്പെട്ടത്. ട്വന്റി 20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിന് മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമായി സൂര്യ മാറിയിരുന്നു.

ദുബൈ: ഐസിസി പുരസ്കാരങ്ങൾക്കുള്ള നോമിനേഷനുകൾ പുറത്ത് വരുമ്പോൾ തിളങ്ങി ഇന്ത്യൻ താരങ്ങൾ. ഈ വർഷത്തെ മികച്ച പുരുഷ ട്വന്റി 20 താരമാകാനുള്ള മത്സരത്തിൽ മുന്നിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവാണ്. 31 മത്സരങ്ങളിൽ നിന്ന് 1164 റൺസാണ് സൂര്യ അടിച്ചുകൂട്ടിയത്. 2022 ട്വന്റി 20 ക്രിക്കറ്റിൽ സൂര്യതേജസ്സുള്ള വർഷമായാണ് എഴുതപ്പെട്ടത്. ട്വന്റി 20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിന് മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമായി സൂര്യ മാറിയിരുന്നു.

ഒടുവിൽ 187.43 എന്ന പ്രഹരശേഷിയിൽ 1164 റൺസോടെയാണ് സൂര്യ 2022 അവസാനിപ്പിച്ചത്. 68 സിക്സുകളാണ് താരം ഈ വർഷം അടിച്ചത്. രണ്ട് സെഞ്ചുറികളും ഒമ്പത് അർധ സെഞ്ചുറികളും താരം പേരിൽ കുറിച്ചു. ട്വന്റി 20 ലോകകപ്പിൽ ആറ് ഇന്നിം​ഗ്സുകളിൽ മൂന്ന് അർധ സെഞ്ചുറിയടക്കം 60ന് അടുത്ത് ശരാശരിയിലാണ് സൂര്യ ബാറ്റ് ചെയതത്. ഐസിസി റാങ്കിം​ഗിൽ ഒന്നാമത് എത്താനും താരത്തിന് സാധിച്ചിരുന്നു. സൂര്യയെ കൂടാതെ സിംബാബ്‍വെയുടെ സിക്കന്ദർ റാസ, ഇം​ഗ്ലണ്ടിന്റെ സാം കറൻ, പാകിസ്ഥാന്റെ മുഹമ്മദ് റിസ്‍വാൻ എന്നിവരാണ് ഈ വർഷത്തെ മികച്ച പുരുഷ ട്വന്റി 20 താരകാമാനുള്ള മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

ഈ വർഷം 24 മത്സരങ്ങളിൽ നിന്നായി 735 റൺസും 24 വിക്കറ്റുകളും നേടിയ ഓൾറൗണ്ട് പ്രകടനമാണ് സിക്കന്ദർ റാസയ്ക്ക് പട്ടികയിൽ ഇടം നേടി കൊടുത്തത്. 19 മത്സരങ്ങളിൽ 25 വിക്കറ്റുകളും 67 റൺസും നേടിയ സാം കറനും ഒട്ടും പിന്നില്ലല്ല. ട്വന്റി 20 ലോകകപ്പിന്റെ താരമാകാനും സാം കറന് സാധിച്ചിരുന്നു. 2021ലെ അതേ മുന്നേറ്റം തുടർന്നാണ് മുഹമ്മദ് റിസ്‍വാൻ പട്ടികയിൽ സ്ഥാനം കണ്ടെത്തിയത്. 996 റൺസിനൊപ്പം ഒമ്പത് ക്യാച്ചുകളും മൂന്ന് സ്റ്റംമ്പിം​ഗുകളും റിസ്‍വാന്റെ പേരിലുണ്ട്. 25 ട്വന്റി 20 മത്സരങ്ങളാണ് താരം കളിച്ചത്.

അതേസമയം, ഐസിസി എമർജിംഗ് ക്രിക്കറ്റ‍ർ ഓഫ് ദി ഇയർ ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ അർഷ്ദീപ് സിംഗ് ഇടംപിടിച്ചിട്ടുണ്ട്. മാർക്കോ ജാൻസൺ, ഫിൻ അലൻ, ഇബ്രാഹിം സർദാൻ എന്നിവർക്കൊപ്പമാണ് അർഷ്ദീപ് സിംഗ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. വനിതകളിൽ രേണുക സിംഗും യസ്തിക ഭാട്ടിയ എന്നിവരും ചുരുക്കപ്പട്ടികയിലെത്തി. 

'പാക് കുതിപ്പ് ഇന്ത്യക്ക് ദഹിച്ചില്ല'; പുറത്താക്കപ്പെട്ട പിസിബി ചീഫിന് കലിപ്പ് ഇന്ത്യയോട്, പ്രതികരണമിങ്ങനെ

click me!