'പാക് കുതിപ്പ് ഇന്ത്യക്ക് ദഹിച്ചില്ല'; പുറത്താക്കപ്പെട്ട പിസിബി ചീഫിന് കലിപ്പ് ഇന്ത്യയോട്, പ്രതികരണമിങ്ങനെ

By Web TeamFirst Published Dec 29, 2022, 1:45 PM IST
Highlights

ടെസ്റ്റ് പരമ്പരിയിൽ എല്ലാ മത്സരങ്ങളിലും തോറ്റതാണ് റമീസ് രാജയ്ക്ക് പണിയായത്. കഴിഞ്ഞ വർഷമാണ് റമീസ് രാജ പിസിബി ചെയർമാൻ സ്ഥാനത്തേക്ക് വന്നത്. തുടർന്ന് പാകിസ്ഥാൻ ഏഷ്യ കപ്പിന്റെയും ട്വന്റി 20 ലോകകപ്പിന്റെയും ഫൈനലിൽ എത്തിയിരുന്നു.

ഇസ്ലാമാബാദ്: സ്വന്തം മണ്ണിൽ ഇം​ഗ്ലണ്ടിനോട് നാണംക്കെട്ട തോൽവി ഏറ്റുവാങ്ങിയതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫ് സ്ഥാനത്ത് നിന്ന് മുൻ താരം കൂടിയായ റമീസ് രാജ പുറത്താക്കപ്പെട്ടിരുന്നു. ടെസ്റ്റ് പരമ്പരയിൽ എല്ലാ മത്സരങ്ങളിലും തോറ്റതാണ് റമീസ് രാജയ്ക്ക് പണിയായത്. കഴിഞ്ഞ വർഷമാണ് റമീസ് രാജ പിസിബി ചെയർമാൻ സ്ഥാനത്തേക്ക് വന്നത്. തുടർന്ന് പാകിസ്ഥാൻ ഏഷ്യ കപ്പിന്റെയും ട്വന്റി 20 ലോകകപ്പിന്റെയും ഫൈനലിൽ എത്തിയിരുന്നു.

പക്ഷേ, രണ്ട് അവസരങ്ങളിലും കിരീടം നേടാൻ പാക് സംഘത്തിന് സാധിച്ചില്ല. റമീസ് രാജയ്ക്ക് പകരം നജം സേത്തിയെയാണ് പിസിബി ചീഫായി നിയമിച്ചത്. ഇപ്പോൾ തന്റെ കാലയളവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അവകാശപ്പെടുകയാണ് റമീസ് രാജ. ഒപ്പം ഇന്ത്യക്കെതിരെയും കടുത്ത പ്രതികരണങ്ങളാണ് മുൻ പാക് താരം നടത്തിയിരിക്കുന്നത്.

പരിമിത ഓവർ ക്രിക്കറ്റിലെ പാക് ടീമിന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയെ അവരുടെ സംവിധാനത്തിൽ മൊത്തത്തിലുള്ള മാറ്റങ്ങൾ വരുത്താൻ പ്രേരിപ്പിച്ചതെന്ന് റമീസ് രാജ പറഞ്ഞു. പാകിസ്ഥാന്റെ മുന്നേറ്റം ദഹിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. അതിന്റെ ഫലമായി അവർ യൂണിറ്റിൽ മാറ്റങ്ങൾ വരുത്തി. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഞങ്ങൾ മികച്ച പ്രകടനങ്ങൾ നടത്തി. ഏഷ്യാ കപ്പ് ഫൈനലിൽ കളിച്ചു. ഇന്ത്യക്ക് അതിന് സാധിച്ചില്ല. പാകിസ്ഥാൻ തങ്ങളെക്കാൾ മുന്നിലെത്തിയത് ദഹിക്കാത്തതിനാൽ ഇന്ത്യ ചീഫ് സെലക്ടറെയും സെലക്ഷൻ കമ്മിറ്റിയെയും പുറത്താക്കുകയും ക്യാപ്റ്റനെ മാറ്റുകയും ചെയ്തുവെന്നും റമീസ് രാജ പറഞ്ഞു.

തന്നെ പുറത്താക്കയതിലും റമീസ് രാജയ്ക്ക് ന്യായീകരണമുണ്ട്. ഫിഫ ലോകകപ്പ് ഫൈനലിൽ കളിച്ചതിന് ശേഷവും ഫ്രാൻസ് അവരുടെ മുഴുവൻ ബോർഡിനെയും മാറ്റിയത് പോലെ തന്നെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനോട് പത്ത് വിക്കറ്റിന്റെ തോൽവിയേറ്റ് ഇന്ത്യ സെമി ഫൈനലിൽ പുറത്തായിരുന്നു. ഐസിസി കിരീടം നേടുന്നതിൽ പരാജയപ്പെട്ടതോടെ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള മുഴുവൻ സെലക്ഷൻ കമ്മിറ്റിയെയും ബിസിസിഐ പുറത്താക്കുകയായിരുന്നു. 

ക്രിക്കറ്റ് ആരാധകർക്ക് ആഘോഷം! ഇന്ത്യ - പാകിസ്ഥാൻ ടെസ്റ്റിന് വേദിയൊരുക്കാൻ മെൽബൺ? സാധ്യത തെളിയുന്നു

click me!