
ദുബായ്: ടി20 ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന നിലപാട് തുടർന്നാൽ, ബംഗ്ലാദേശിനെ ടൂർണമെന്‍റിൽ നിന്ന് ഒഴിവാക്കി പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു. ഇക്കാര്യം ബംഗ്ലാദേശ് സർക്കാരിനെ അറിയിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) ഐസിസി നിർദ്ദേശം നൽകിയതായി ക്രിക് ഇന്‍ഫോ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശ് പിന്മാറുന്ന പക്ഷം മറ്റൊരു ടീമിനെ പകരക്കാരായി കൊണ്ടുവരുന്ന കാര്യത്തിൽ ഐസിസി ബോർഡ് യോഗത്തിൽ വോട്ടെടുപ്പ് നടന്നു. ബോർഡിലെ ഭൂരിഭാഗം അംഗങ്ങളും പകരക്കാരെ ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ചു. സുരക്ഷാ കാരണങ്ങളാലോ രാഷ്ട്രീയ കാരണങ്ങളാലോ ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചുനിന്നാൽ അവർക്ക് ഇത്തവണത്തെ ലോകകപ്പ് നഷ്ടമായേക്കും. ഇന്ത്യയിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ അന്തിമ നിലപാട് അറിയിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി ഒരു ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് പിന്മാറുകയാണെങ്കിൽ, ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്‌കോട്ട്‌ലൻഡ് ലോകകപ്പിനെത്താൻ സാധ്യതയുണ്ട്. യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്‌സ്, ഇറ്റലി, ജേഴ്‌സി എന്നീ ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്‌കോട്ട്‌ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല. എന്നാൽ ബംഗ്ലാദേശ് പുറത്തായാൽ സ്‌കോട്ട്‌ലൻഡിന് അപ്രതീക്ഷിതമായി ലോകകപ്പിലേക്കുള്ള വഴി തുറന്നേക്കും.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബിസിസിഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ ശേഷമാണ് പ്രതിസന്ധി ഉടലെടുത്തത്. പിന്നാലെ കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയായിരുന്നു. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമായിരുന്നു ബംഗ്ലാദേശിന്‍റെ ആവശ്യം.
ഇറ്റലി, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്‍റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശ് രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൂടി കളിക്കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!