ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തീയതിയായി;ഫൈനലിലെത്താന്‍ ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യക്ക് നിര്‍ണായകം

By Web TeamFirst Published Feb 8, 2023, 4:31 PM IST
Highlights

ഫൈനലിലെത്താന്‍ സാധ്യതയുള്ളത് നാലു ടീമുകള്‍ക്കാണ്. നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ, രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക, നാലാമതുള്ള ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കാണ് ഇനി ഫൈനലിലെത്താന്‍ സാധ്യതയുള്ളത്. ഇതില്‍ ഇന്ത്യക്കും ഓസ്ട്രേലിയക്കുമാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്.

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരെ നാളെ തുടങ്ങുന്ന ടെസ്റ്റ് പരമ്പര ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമല്ല ഇന്ത്യക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം വട്ടം ഫൈനലിലെത്താനുളള വഴി കൂടിയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഓസ്ട്രേലിയക്കെതിരായ പരമ്പര നേടേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. മറുവശത്ത് ഓസ്ട്രേലിയ ആകട്ടെ ഇന്ത്യക്കെതിരെ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കിയാല്‍ തന്നെ ഫൈനല്‍ കളിക്കും. ജൂണ്‍ ഏഴ് മുതല്‍ 11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍. ഫൈനലിന് റിസര്‍വ് ദിനമുണ്ടാകുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.

അവശേഷിക്കുന്നത് നാലു ടീമുകള്‍

ഫൈനലിലെത്താന്‍ സാധ്യതയുള്ളത് നാലു ടീമുകള്‍ക്കാണ്. നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ, രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക, നാലാമതുള്ള ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കാണ് ഇനി ഫൈനലിലെത്താന്‍ സാധ്യതയുള്ളത്. ഇതില്‍ ഇന്ത്യക്കും ഓസ്ട്രേലിയക്കുമാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്.

ഓസട്രേലിയ

136 പോയന്‍റും 75.56 വിജയശതമാനമുള്ള ഓസ്ട്രേലിയ ആണ് നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഒന്നിലെങ്കിലും സമനില നേടുകയും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ ഓസ്ട്രേലിയ അനായാസം ഫൈനല്‍ കളിക്കും.

ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പര 3-1ന് ജയിച്ചാല്‍ വിജയശതമാനത്തില്‍ തൊട്ടുപിന്നിലുള്ള ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും മറികടന്ന് ഫൈനല്‍ ഉറപ്പിക്കാം. നിലവില്‍ 99 പോയന്‍റും 58.93 വിജയശതമാനവുമാണ് ഇന്ത്യക്കുള്ളത്. ഓസീസിനെതിരെ 3-1ന് പരമ്പര ജയിച്ചാല്‍ ഇന്ത്യക്ക് 62.5 വിജയശതമാനം ഉറപ്പിക്കാനാവും. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ശേഷിക്കുന്ന എല്ലാ ടെസ്റ്റും ജയിച്ചാലും ഇത് മറികടക്കാനാവില്ല.

ശ്രീലങ്ക-ദക്ഷിണാഫ്രിക്ക

എന്നാല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പര 2-2 സമനിലയായാല്‍ ഇന്ത്യയുടെ വിജയശതമാനം 56.94 ആയി കുറയും. ഇതോടെ നിലവില്‍ 64 പോയന്‍റും 53.33 വിജയശതമാനവുമായി മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും 76 പോയന്‍റും 48.72 വിജയശതമാനവുമായി നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കും നേരിയ സാധ്യത തുറന്നെടുക്കാനാവും. ശ്രീലങ്കക്കും ദക്ഷിണാഫ്രിക്കക്കും രണ്ട് ടെസ്റ്റ് വീതം അടങ്ങിയ പരമ്പരയാണ് ഇനി കളിക്കാനുള്ളത്. ശ്രീലങ്കക്ക് എവേ പരമ്പരയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കക്ക് ഹോം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസുമാണ് എതിരാളികള്‍.

ദ്രാവിഡിന് അതൃപ്തി, ആദ്യ ടെസ്റ്റിനുള്ള പിച്ച് അവസാന നിമിഷം മാറ്റാന്‍ നിര്‍ദേശിച്ചെന്ന് റിപ്പോര്‍ട്ട്

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പര ദക്ഷിണാഫ്രിക്ക 2-0നും ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന പരമ്പര ശ്രീലങ്ക 2-0നും തൂത്തുവാരിയാല്‍ മാത്രമെ അവര്‍ക്ക് നേരിയ സാധ്യതയുള്ളു. ഒപ്പം ഇന്ത്യ-ഓസ്ട്രേലിയ പരമ്പര സമനിലയാകുകയോ ഇന്ത്യ പരമ്പര തോല്‍ക്കുകയും വേണം. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും പരമ്പര തൂത്തുവാരിയാലും ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ ഫലം അനുസരിച്ചാണ് അവരുടെ ഫൈനല്‍ സാധ്യതകളെന്ന് ചുരുക്കം.

സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും 46.97 വിജയശതമാനം മാത്രമുള്ള ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പാക്കിസ്ഥാനും ഫൈനല്‍ കാണാതെ നേരത്തെ പുറത്തായിരുന്നു. ഇനിയുള്ള എല്ലാ ടെസ്റ്റും ജയിച്ചാലും വെസ്റ്റ് ഇന്‍ഡീസിന് പരമാവധി 50 വിജയശതമാനം മാത്രമെ നേടാനാവു എന്നതിനാല്‍ അവരും ഫൈനല്‍ കളിക്കില്ലെന്ന് ഉറപ്പാണ്.

click me!