ദ്രാവിഡിന് അതൃപ്തി, ആദ്യ ടെസ്റ്റിനുള്ള പിച്ച് അവസാന നിമിഷം മാറ്റാന്‍ നിര്‍ദേശിച്ചെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Feb 8, 2023, 2:27 PM IST
Highlights

ദ്രാവിഡിന്‍റെ അവസാന നിമിഷത്തെ നിര്‍ദേശത്തെ തുടര്‍ച്ച് ഗ്രൗണ്ട് സ്റ്റാഫും പിച്ച് ക്യൂറേറ്ററും ഇന്ത്യന്‍ ടീമിന്‍റെ ആവശ്യത്തിന് അനുസരിച്ചുള്ള പിച്ച് ഒരുക്കാനുള്ള തത്രപ്പാടിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഗ്പൂരില്‍ സ്പിന്‍ പിച്ച് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ തുടക്കമാകാനിരിക്കെ പിച്ച് ആണ് സംസാരവിഷയം. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പിച്ച് സ്പിന്നിനെ അമിതമായി തുണക്കുന്നതായിരിക്കുമോ  എന്നാണ് പ്രധാന ചര്‍ച്ച. സ്പിന്‍ കെണിയില്‍ ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യ തയാറെടുക്കുന്നു എന്ന ചര്‍ച്ചകള്‍ക്കിടെ ഒന്നാം ടെസ്റ്റിനായി നാഗ്പൂരിലൊരുക്കിയിരിക്കുന്ന പിച്ചില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്ന് പിച്ച് അവസാന നിമിഷം മാറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചു ദിവസമായി നാഗ്പൂരില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്നുണ്ട്.

പരിശീലനത്തിനിടെ പിച്ച് പരിശോധിച്ച രാഹുല്‍ ദ്രാവിഡ് വിസിഎ സ്റ്റേഡിയം ക്യൂറേറ്റര്‍ അഭിജിത് പിപ്രോഡെയോട് തന്‍റെ അതൃപ്തി അറിയിക്കുകയും അവസാന നിമിഷം പിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരത്തിന് മൂന്ന് ദിവസം മുമ്പാണ് ദ്രാവിഡ് മത്സരത്തിനുള്ള പിച്ച് മാറ്റാന്‍ നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദ്രാവിഡിന്‍റെ അവസാന നിമിഷത്തെ നിര്‍ദേശത്തെ തുടര്‍ന്ന് ഗ്രൗണ്ട് സ്റ്റാഫും പിച്ച് ക്യൂറേറ്ററും ഇന്ത്യന്‍ ടീമിന്‍റെ ആവശ്യത്തിന് അനുസരിച്ചുള്ള പിച്ച് ഒരുക്കാനുള്ള തത്രപ്പാടിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഗ്പൂരില്‍ സ്പിന്‍ പിച്ച് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ഇതിഹാസ താരങ്ങള്‍; പരമ്പരയുടെ താരമാകുക ഇവര്‍

തിങ്കളാഴ്ച പിച്ചില്‍ നിറയെ പുല്ലുണ്ടായിരുന്നെങ്കിലും മത്സരദിവസം ഇത് പൂര്‍ണമായും ചെത്തിമാറ്റുമെന്നാണ് സൂചന. നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം പൂര്‍ണമായും മുതലെടുക്കാനായി സ്പിന്‍ പിച്ച് തന്നെ വേണമെന്ന ഇന്ത്യന്‍ ടീമിന്‍റെ നിര്‍ബന്ധത്തിന് അനുസരിച്ചാണ് പുതിയ പിച്ച് തയാറാക്കിയിരിക്കുന്നത് എന്നും ജാഗരണിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കിടെ ലഖ്നൗവില്‍ നടന്ന മത്സരത്തിന് തയാറാക്കിയ പിച്ചും സമാനമായി രീതിയില്‍ ദ്രാവിഡിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് അവസാന നിമിഷം മാറ്റുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലഖ്നൗവില്‍ സ്പിന്‍ പിച്ചില്‍ ഇരു ടീമുകളും റണ്‍സടിക്കാന്‍ പാടുപെടുകയും ചെയ്തു. 2004ല്‍ ഓസ്ട്രേലിയക്കെതിരെ കളിച്ചപ്പോഴും നാഗ്പൂരില്‍ സ്പിന്‍ പിച്ചൊരുക്കാന്‍ ക്യാപ്റ്റനായിരുന്ന ഗാംഗുലി ആവശ്യപ്പെട്ടെങ്കിലും പേസിനെ തുണക്കുന്ന പിച്ചാണ് അന്ന് തയാറാക്കിയത്. ഇതില്‍ പ്രതിഷേധിച്ചെന്നോണം ഗാംഗുലി മത്സരത്തില്‍ കളിച്ചിരുന്നില്ല. ആ മത്സരം ഇന്ത്യ 342 റണ്‍സിന് തോറ്റു. പരമ്പര ഓസീസ് 2-1ന് നേടുകയും ചെയതു.

click me!