ചതുര്‍ദിന ടെസ്റ്റ് ഐസിസി ചര്‍ച്ച ചെയ്യും; തന്‍റെ നിലപാട് പിന്നീടെന്ന് അനില്‍ കുംബ്ലെ

By Web TeamFirst Published Jan 6, 2020, 8:52 PM IST
Highlights

ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന യോഗത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ അനിൽ കുംബ്ലെ അറിയിച്ചു

മുംബൈ: ടെസ്റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കി ചുരുക്കുന്നതിനെ കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസില്‍ ചര്‍ച്ച ചെയ്യും. ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന യോഗത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ അനിൽ കുംബ്ലെ അറിയിച്ചു. കമ്മിറ്റിയിൽ അംഗമായതിനാല്‍ സ്വന്തം നിലപാട് പിന്നീട് പറയാമെന്നും കുംബ്ലെ വ്യക്തമാക്കി. ആന്‍ഡ്രൂ സ്‌ട്രോസ്, രാഹുല്‍ ദ്രാവിഡ്, മഹേള ജയവര്‍ധനെ, ഷോണ്‍ പൊള്ളാക്ക് എന്നിവരും ക്രിക്കറ്റ് കമ്മിറ്റിയില്‍ അംഗങ്ങളാണ്. 

ചതുര്‍ദിന ടെസ്റ്റുകളെ കുറിച്ച് സമ്മിശ്രപ്രതികരണമാണ് ക്രിക്കറ്റ് ലോകത്തുനിന്നുണ്ടാകുന്നത്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും റിക്കി പോണ്ടിംഗും വിരാട് കോലിയും നാലുദിന ടെസ്റ്റിനോട് വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ഒരുമിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നത് തിരിച്ചടിയാവും എന്ന നിലപാടാണ് കോലി സ്വീകരിച്ചത്. ക്രിക്കറ്റിലെ വാശിയേറിയതും കടുപ്പമേറിയതുമായ ടെസ്റ്റില്‍ മാറ്റങ്ങള്‍ ആവശ്യമില്ലെന്നും കോലി പറഞ്ഞു. 

എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ബോര്‍ഡും ഐസിസി നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. ഷെയ്‌ന്‍ വോണും മാര്‍ക് ടെയ്‌ലറും മൈക്കല്‍ വോണും അടക്കമുള്ള ഇതിഹാസങ്ങള്‍ പരിഷ്‌കാരത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.

ഇക്കാര്യത്തില്‍ ബിസിസിഐയുടെ തീരുമാനമായിരിക്കും അന്തിമമെന്ന് പാക് മുന്‍ പേസര്‍ ഷൊയ്‌ബ് അക്‌തര്‍ വ്യക്തമാക്കിയിരുന്നു. 'സൗരവ് ഗാംഗുലിയാണ് ബിസിസിഐ പ്രസിഡന്‍റ്. അദേഹം ബുദ്ധിമാനായ ക്രിക്കറ്ററാണ്. ടെസ്റ്റ് ക്രിക്കറ്റിനെ തകര്‍ക്കുന്ന നീക്കങ്ങളെ ദാദ പിന്തുണയ്‌ക്കുമെന്ന് താന്‍ കരുതുന്നില്ല' എന്നും അക്‌തര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്‍റെ നിലപാട് പിന്നീട് പറയാം എന്നായിരുന്നു കഴിഞ്ഞ ദിവസം ഗാംഗുലിയുടെ മറുപടി. 

click me!