
ഹരാരെ: ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നേപ്പാളിനെതിരെ 101 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി വെസ്റ്റ് ഇന്‍ഡീസ്. വിന്‍ഡീസ് മുന്നോട്ടുവെച്ച 340 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നേപ്പാള്‍ 49.4 ഓവറില്‍ 238 റണ്‍സില്‍ എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് വിന്‍ഡീസിന്‍റെ വിജയശില്‍പിയും മത്സരത്തിലെ താരവും. സ്കോർ: വിന്‍ഡീസ്-339/7 (50), നേപ്പാള്‍- 238 (49.4).
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഷായ് ഹോപ്, നിക്കോളസ് പുരാന്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് 50 ഓവറില്‍ 339/7 എന്ന മികച്ച സ്കോറിലെത്തിയത്. ഹോപ് 129 പന്തില്‍ 10 ഫോറും 3 സിക്സും സഹിതം 132 റണ്‍സെടുത്തു. ഹോപ്പിന്‍റെ പതിനഞ്ചാം ഏകദിന ശതകമാണിത്. 94 പന്തില്‍ 10 ഫോറും 4 സിക്സും സഹിതം 115 റണ്‍സാണ് നിക്കോളസ് പുരാന്‍റെ സമ്പാദ്യം. ഇരുവരും നാലാം വിക്കറ്റില്‍ 216 റണ്‍സിന്‍റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ബ്രാണ്ടന്‍ കിംഗ് 32 ഉം, റോവ്മാന്‍ പവല്‍ 29 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജേസന്‍ ഹോള്‍ഡർ 16* റണ്ണുമായി പുറത്താവാതെ നിന്നു. കെയ്ല്‍ മെയേഴ്സും(1), ജോണ്‍സണ്‍ ചാള്‍സും(0) തിളങ്ങിയില്ല. നേപ്പാളിനായി ലളിത് രജ്ബന്‍ഷി മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ ആരിഫ് ഷെയ്ഖ് അർധസെഞ്ചുറി(93 പന്തില്‍ 63) നേടിയെങ്കിലും നേപ്പാളിന് ഒരവസരത്തിലും മേല്‍ക്കൈയുണ്ടായിരുന്നില്ല. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് കൊഴിഞ്ഞുകൊണ്ടേയിരുന്നു. ഗുല്‍സാന്‍ ജാ(58 പന്തില്‍ 42), രോഹിത് പൗഡല്‍(43 പന്തില്‍ 30), ആസിഫ് ഷെയ്ഖ്(36 പന്തില്‍ 28), കരണ്‍ കെസി(27 പന്തില്‍ 28) എന്നിവരാണ് പോരാടാനെങ്കിലും ശ്രമിച്ചത്. മൂന്ന് വിക്കറ്റുമായി ജേസന്‍ ഹോള്‍ഡറും രണ്ട് പേരെ വീതം മടക്കി അല്‍സാരി ജോസഫും കീമോ പോളും അക്കീല്‍ ഹൊസൈനും ഒരു വിക്കറ്റുമായി കെയ്ല്‍ മെയേഴ്സും കരീബിയന്‍ ടീമിനായി തിളങ്ങി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് എയില്‍ ഒന്നാമത് നില്‍ക്കുന്നു. മൂന്ന് കളിയില്‍ ഒരു ജയമുള്ള നേപ്പാള്‍ നാലാം സ്ഥാനത്താണ്.
Read more: വിന്‍ഡീസിന്‍റെ പ്രതീക്ഷയായി ഷായ് ഹോപ്; 15-ാം ഏകദിന സെഞ്ചുറിയോടെ ഇതിഹാസങ്ങള്‍ക്കൊപ്പം