വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീമിന്‍റെ അഭിഭാജ്യ ഘടകമായ ഷായ് ഹോപ് നേപ്പാളിനെതിരായ മത്സരത്തിലും ആരാധകരുടെ പ്രതീക്ഷ കാത്തു

ഹരാരെ: ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നേപ്പാളിനെതിരായ തകർപ്പന്‍ സെഞ്ചുറിയുമായി വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ് എലൈറ്റ് പട്ടികയില്‍. വിന്‍ഡീസിനായി ഏകദിനത്തില്‍ 15 സെഞ്ചുറികള്‍ പൂർത്തിയാക്കുന്ന നാലാമത്തെ മാത്രം ബാറ്ററാണ് ഹോപ്. ക്രിസ് ഗെയ്ല്‍(25), ബ്രയാന്‍ ലാറ(19), ഡെസ്മണ്ട് ഹെയ്നസ്(17) എന്നിവർ മാത്രമേ ഷായ് ഹോപ്പിന് മുന്നിലുള്ളൂ. കരിയറില്‍ 110 ഏകദിനങ്ങള്‍ പൂർത്തിയാക്കിയ ഹോപ് 15 സെഞ്ചുറികളും 22 അർധസെഞ്ചുറികളും സഹിതം 4674 റണ്‍സ് നേടിയിട്ടുണ്ട്. 50.26 ബാറ്റിംഗ് ശരാശരി താരത്തിനുണ്ട് എന്നതും പ്രത്യേകതയാണ്. 

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീമിന്‍റെ അഭിഭാജ്യ ഘടകമായ ഷായ് ഹോപ് നേപ്പാളിനെതിരായ മത്സരത്തിലും ആരാധകരുടെ പ്രതീക്ഷ കാത്തു. വെറും 9 റണ്‍സില്‍ നില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടമായ ടീമിനെ ഹരാരെ ക്രിക്കറ്റ് ക്ലബില്‍ 50 ഓവറില്‍ 339-7 എന്ന മികച്ച സ്കോറില്‍ എത്തിച്ചത് ഹോപ്പാണ്. ഇന്നിംഗ്സിലെ അഞ്ചാം ഓവറില്‍ നാലാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ 129 പന്തില്‍ 10 ഫോറും 3 സിക്സും സഹിതം 132 റണ്‍സെടുത്തു. ഹോപ്പിന് പുറമെ നിക്കോളസ് പുരാനും സെഞ്ചുറി നേടി. 94 പന്തില്‍ 10 ഫോറും 4 സിക്സും സഹിതം 115 റണ്‍സാണ് പുരാന്‍റെ സമ്പാദ്യം. ബ്രാണ്ടന്‍ കിംഗ് 32 ഉം, റോവ്മാന്‍ പവല്‍ 29 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജേസന്‍ ഹോള്‍ഡർ 16* റണ്ണുമായി പുറത്താവാതെ നിന്നു. കെയ്ല്‍ മെയേഴ്സും(1), ജോണ്‍സണ്‍ ചാള്‍സും(0) തിളങ്ങിയില്ല.

ഹോപ് ഏകദിന സ്പെഷ്യലിസ്റ്റ്!

2016ല്‍ ശ്രീലങ്കയ്ക്ക് എതിരെ കളിച്ചാണ് ഷായ് ഹോപ് ഏകദിന കരിയർ തുടങ്ങിയത്. ഇതിന് ഒരു വർഷം മുമ്പ് ടെസ്റ്റ് കളിച്ചു. ഏകദിന ഫോർമാറ്റിലായിരുന്നു താരം കൂടുതല്‍ മികവ് കാട്ടിയത്. ടെസ്റ്റില്‍ 38 മത്സരങ്ങളില്‍ 1726 റണ്‍സും 19 രാജ്യാന്തര ടി20കളില്‍ 304 റണ്‍സുമാണ് നേട്ടം. ഇന്ത്യക്കെതിരെയും ബംഗ്ലാദേശിനെതിരെയും മൂന്ന് വീതവും ശ്രീലങ്കയ്ക്ക് എതിരെ രണ്ടും പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, സിംബാബ്‍വെ, നെതർലന്‍ഡ്സ്, അയർലന്‍ഡ്, നേപ്പാള്‍ ടീമുകള്‍ക്കെതിരെ ഓരോ ശതവുമാണ് ഹോപ്പിന് ഏകദിനത്തിലുള്ളത്. 

Read more: ഈ പോക്ക് ശരിയല്ല, ടെസ്റ്റ് ടീമിലേക്ക് അത്തരം യുവതാരങ്ങള്‍ വരണം; സെലക്ടർമാരോട് സഞ്ജയ് മഞ്ജരേക്കർ