ടി20 ലോകകപ്പ്: ഓസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍റെ മധുരപ്രതികാരം, സെമി ഉറപ്പിച്ച് ഇന്ത്യ

Published : Jun 23, 2024, 09:49 AM ISTUpdated : Jun 23, 2024, 09:51 AM IST
ടി20 ലോകകപ്പ്: ഓസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍റെ മധുരപ്രതികാരം, സെമി ഉറപ്പിച്ച് ഇന്ത്യ

Synopsis

ജീവന്‍മരണപ്പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയിച്ചതോടെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചു. അവസാന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ മാത്രമെ ഇനി ഓസീസിന് സെമിയിലെത്താനാവു.

സെന്‍റ് വിന്‍സെന്‍റ്: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ 21 റണ്‍സിന് അട്ടിമറിച്ച് ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പ്രതികാരം വീട്ടി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയ 19.2 ഓവറില്‍ 127 റൺസിന് ഓള്‍ ഔട്ടായി. ഏകദിന ലോകകപ്പില്‍ ഓസീസിനെതിരെ ജയത്തിന് അടുത്തെത്തിയ അഫ്ഗാനിസ്ഥാനെ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ മറികടന്ന ഓസീസിനായി ഇത്തവണയും അര്‍ധസെഞ്ചുറിയുമായി മാക്സ്‌വെല്‍ പൊരുതിയെങ്കിലും ജയം അടിച്ചെടുക്കാനായില്ല. മൂന്ന് നിര്‍ണായക ക്യാച്ചുകളും നാലു വിക്കറ്റും വീഴ്ത്തിയ ഗുല്‍ബാദിന്‍ നൈബാണ് കളിയിലെ താരം.

ജീവന്‍മരണപ്പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയിച്ചതോടെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചു. അവസാന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ മാത്രമെ ഇനി ഓസീസിന് സെമിയിലെത്താനാവു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാനും സെമിയിലെത്താം.ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന്‍റെ ആദ്യ ജയമാണിത്. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 148-6, ഓസ്ട്രേലിയ 19.2 ഓവറില്‍ 127ന് ഓള്‍ ഔട്ട്.

ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ വീഴ്ത്തി അപരാജിത കുതിപ്പുമായി സെമി ഉറപ്പിച്ച് ഇന്ത്യ

അഫ്ഗാന്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഓസീസിന് തുടക്കത്തിലെ അടിതെറ്റി. ഓപ്പണര്‍ ട്രാവിസ് ഹെഡ്(0) ആദ്യ ഓവറിലും ഡേവിഡ് വാര്‍ണര്‍(3) മൂന്നാം ഓവറിലും മടങ്ങി. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ(12) നവീന്‍ ഹള്‍ ഹഖ് മടക്കി. ഗെല്ന്‍ മാക്സ്‌വെല്‍(41 പന്തില്‍ 59)ഒരിക്കല്‍ കൂടി ഓസീസിന്‍റെ രക്ഷകനാകുമെന്ന് കരുതിയെങ്കിലും 11 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസ് മാത്രമെ പിന്നീട് ഓസീസ് നിരയില്‍ രണ്ടക്കം കടന്നുള്ളു. ടിം ഡേവിഡ്(2), മാത്യു വെയ്ഡ്(5), പാറ്റ് കമിന്‍സ്(3) എന്നിവരെല്ലാം വന്നപോലെ മടങ്ങിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ആവേശജയം സ്വന്തമാക്കി.

അഫ്ഗാനായി ഗുല്‍ബാദിന്‍ നൈബ് നാലോവറില്‍ 20 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ നവീന്‍ ഉള്‍ ഹഖ് 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നായകന്‍ റാഷി്ദ് ഖാന്‍ നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസിന്‍റെയും(49 പന്തില്‍ 60), ഇബ്രാഹിം സര്‍ദ്രാന്‍റെയും(48 പന്തില്‍ 51) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 15.5 ഓവറില്‍ 118 റണ്‍സടിച്ചു. എന്നാല്‍ ഇരുവരും പുറത്തായശേഷം പിന്നീട് വന്ന അസ്മത്തുള്ള ഒമര്‍സായി(2), കരീം ജന്നത്ത്(13), റാഷിദ് ഖാന്‍(2), ഗുല്‍ബാദിന്‍ നൈബാ(0) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ മുഹമ്മദ് നബി(4 പന്തില്‍ 10*) ആണ് അഫ്ഗാനെ 148ല്‍ എത്തിച്ചത്. ഓസീസിനായി പാറ്റ് കമിന്‍സ്  തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് അടക്കം 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആദം സാംപ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ കണ്ണകള്‍ എല്ലാം പറയുന്നു', വിരാട് കോലി ആ വമ്പന്‍ പ്രഖ്യാപനം നടത്തേണ്ട സമയമായെന്ന് റോബിന്‍ ഉത്തപ്പ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയക്ക് 91% സാധ്യത, ഇന്ത്യയുടെ സാധ്യത 4 ശതമാനം മാത്രം