ICC Men's T20I Cricketer of the Year 2021 : മുഹമ്മദ് റിസ്‌വാന്‍ അല്ലാതെ മറ്റാര്; 2021ലെ മികച്ച ടി20 താരം

By Web TeamFirst Published Jan 23, 2022, 4:12 PM IST
Highlights

ഇക്കഴിഞ്ഞ വര്‍ഷം 29 മത്സരങ്ങളില്‍ 73.66 ശരാശരിയിലും 134.89 സ്ട്രൈക്ക് റേറ്റിലും താരം 1326 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു

ദുബായ്: ഐസിസിയുടെ 2021ലെ മികച്ച പുരുഷ ടി20 താരത്തിനുള്ള പുരസ്‌കാരം (ICC Men's T20I Cricketer of the Year 2021) പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന് (Mohammad Rizwan). 2021ല്‍ വിസ്‌മയ റണ്‍വേട്ട നടത്തിയ പ്രകടനത്തിനാണ് താരത്തിന് പുരസ്‌കാരം. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ (Jos Buttler), ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് (Mitchell Marsh), ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക (Wanindu Hasaranga) എന്നിവരെ പിന്തള്ളിയാണ് നേട്ടം. 

ഇക്കഴിഞ്ഞ വര്‍ഷം 29 മത്സരങ്ങളില്‍ 73.66 ശരാശരിയിലും 134.89 സ്ട്രൈക്ക് റേറ്റിലും റിസ്‌വാന്‍ 1326 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇതിനൊപ്പം 24 പേരെ പുറത്താക്കുന്നതില്‍ പങ്കാളിയായി വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് റിസ്‌വാന്‍ പുറത്തെടുത്തത്. രാജ്യാന്തര ടി20 കരിയറിലെ ആദ്യ ശതകം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റിസ്‌വാന്‍ 2021ല്‍ നേടിയിരുന്നു. ടി20 ലോകകപ്പിലെ മൂന്നാമത്തെ വലിയ റണ്‍വേട്ടക്കാരനായ റിസ്‌വാന്‍ പാക്കിസ്ഥാനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യക്കെതിരെ 55 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറുമുള്‍പ്പടെ പുറത്താകാതെ നേടിയ 79 റണ്‍സ് ശ്രദ്ധേയ ഇന്നിംഗ്‌സ്. 

പിന്തള്ളിയത് ചില്ലറക്കാരെയല്ല

ഓസ്ട്രേലിയയെ ടി20 ലോക ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് മിച്ചല്‍ മാര്‍ഷിനെ അന്തിമ പട്ടികയില്‍ എത്തിച്ചത്. ഫൈനലിലെ ടോപ് സ്കോററായ മാര്‍ഷ് 2021ല്‍ 27 മത്സരങ്ങളില്‍ 36.88 ശരാശരിയില്‍ 627 റണ്‍സടിച്ചു. 18.37 പ്രഹരശേഷിയില്‍ എട്ടു വിക്കറ്റും നേടി. ടി20 ലോകകപ്പ് ഫൈനലില്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ മാര്‍ഷ് 50 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന് കിരീടം സമ്മാനിച്ചു. ലോകകപ്പില്‍ ആറ് കളികളില്‍ 146.82 പ്രഹരശേഷിയില്‍ 185 റണ്‍സ് പേരിലാക്കി. 

2021ല്‍ 14 മത്സരങ്ങളില്‍ 65.44 ശരാശരിയില്‍ ഒരു സെഞ്ചുറി അടക്കം 589 റണ്‍സ് നേടിയ ജോസ് ബട്‌ലര്‍ 13 പുറത്താക്കലുകളിലും പങ്കാളിയായി. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ ബട്‌ലര്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി അടക്കം 269 റണ്‍സടിച്ച് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായിരുന്നു. ഷാര്‍ജയിലെ വേഗം കുറഞ്ഞ പിച്ചില്‍ ഓസ്ട്രേലിയക്കെതിരെ ബട്‌ലര്‍ 67 പന്തില്‍ നേടിയ 101 റണ്‍സ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 

ശ്രീലങ്കക്കായി 20 മത്സരങ്ങളില്‍ 26 വിക്കറ്റെടുത്ത പ്രകടനമാണ് വാനിന്ദു ഹസരങ്കയെ ചുരുക്കപ്പട്ടികയില്‍ എത്തിച്ചത്. ബാറ്റുകൊണ്ടും തിളങ്ങിയ ഹസരങ്ക ഒരു അര്‍ധസെഞ്ചുറി അടക്കം 196 റണ്‍സും നേടി. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഹാട്രിക്ക് ഉള്‍പ്പെടെ 16 വിക്കറ്റ് വീഴ്ത്തിയ ഹസരങ്ക ആയിരുന്നു ടൂ‍ര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍.

Sheer Consistency, indomitable spirit and some breathtaking knocks 🔥

2021 was memorable for Mohammad Rizwan 👊

More 👉 https://t.co/9guq9xKOod pic.twitter.com/6VZo7aaRIA

— ICC (@ICC)

ICC Emerging Men's Cricketer of 2021 : ദക്ഷിണാഫ്രിക്കയുടെ ജനെമന്‍ മലന്‍ ഐസിസിയുടെ എമേര്‍ജിംഗ് താരം

click me!