സൂപ്പര്‍ ഓവറും ടൈ ആയാല്‍ ഇനി പുതിയ നിയമം; ചരിത്രമാറ്റവുമായി ഐസിസി

By Web TeamFirst Published Oct 14, 2019, 10:22 PM IST
Highlights

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെയും ന്യൂസിലന്‍ഡിന്റെയും സ്കോര്‍ നിശ്ചിത ഓവറുകളിലും സൂപ്പര്‍ ഓവറിലും ടൈ ആയതിനെത്തുടര്‍ന്ന് കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമായ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു
 

ദുബായ്: ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ വിവാദക്കൊടുങ്കാറ്റ് വീശിയ സൂപ്പര്‍ ഓവര്‍ മാനദണ്ഡത്തില്‍ വിപ്ലവ മാറ്റവുമായി ഐസിസി. ഐസിസി ടൂര്‍ണമെന്‍റുകളിലെ സെമി, ഫൈനല്‍ മത്സരങ്ങളില്‍ സൂപ്പര്‍ ഓവറുകള്‍ ടൈ ആയാല്‍ ബൗണ്ടറികളുടെ എണ്ണം നോക്കി ജേതാക്കളെ നിശ്‌ചയിക്കുന്ന രീതി ഇനി ഐസിസി തുടരില്ല. പകരം വീണ്ടും സൂപ്പര്‍ ഓവര്‍ നടത്താനാണ് ഐസിസിയുടെ തീരുമാനം.

'സെമി ഫൈനലിലും ഫൈനലിലും സൂപ്പര്‍ ഓവര്‍ നിയമത്തില്‍ ഒരു മാറ്റമുണ്ടാകും. ഏതെങ്കിലുമൊരു ടീം കൂടുതല്‍ റണ്‍സ് കണ്ടെത്തുന്നതുവരെ സൂപ്പര്‍ ഓവര്‍ തുടരും' എന്ന് ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെയും ന്യൂസിലന്‍ഡിന്റെയും സ്കോര്‍ നിശ്ചിത ഓവറുകളിലും സൂപ്പര്‍ ഓവറിലും ടൈ ആയതിനെത്തുടര്‍ന്ന് കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയ്ക്ക് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഈ നിയമം അന്ന് വന്‍ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. 

സൂപ്പര്‍ ഓവറിലെ ബൗണ്ടറി നിയമത്തിനെതിരെ ആഞ്ഞടിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്ന് രംഗത്തെത്തിയിരുന്നു. സൂപ്പര്‍ ഓവറിലും ടൈ ആവുന്ന മത്സരങ്ങളില്‍ വിജയിയെ തീരുമാനിക്കേണ്ടത് മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണം കൊണ്ടല്ലെന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വാക്കുകള്‍. സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി പരീക്ഷിക്കാവുന്ന് അന്ന് സച്ചിന്‍ നിര്‍ദേശിച്ചിരുന്നു


 

click me!