
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതിനെത്തുടർന്ന് ക്രിക്കറ്റ് ലോകത്ത് പുതിയ പോർമുഖം തുറക്കുന്നു. ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടു. താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഈ കടുത്ത നിലപാട് സ്വീകരിച്ചത്.
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ ചില തീവ്ര സംഘടനകൾ നടത്തിയ സമ്മർദ്ദത്തെത്തുടർന്നാണ് മുസ്തഫിസുറിനെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചത്. 9.20 കോടി രൂപയ്ക്ക് ലേലത്തിൽ എടുത്ത താരത്തെ ഒഴിവാക്കിയ നടപടി ബംഗ്ലാദേശിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു. 'ഒരു കരാർ ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശ് താരത്തിന് ഇന്ത്യയിൽ കളിക്കാൻ കഴിയുന്നില്ലെങ്കിൽ, ലോകകപ്പിനായി ടീമിനെ അവിടെ അയക്കുന്നത് സുരക്ഷിതമാണെന്ന് ഞങ്ങൾ കരുതുന്നില്ല' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ലോകകപ്പിൽ കൊൽക്കത്തയിലും മുംബൈയിലുമായി നടക്കേണ്ട ബംഗ്ലാദേശിന്‍റെ നാല് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇതിൽ ഐസിസി അനുകൂല നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്. പ്രതിഷേധ സൂചകമായി ബംഗ്ലാദേശിൽ ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം നിർത്തിവെക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ബംഗ്ലാദേശിന്‍റെ ആവശ്യം ഐസിസി അംഗീകരിക്കുകയാണെങ്കിൽ, ബംഗ്ലാദേശും പാകിസ്ഥാനും തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ മുഴുവൻ ശ്രീലങ്കയിൽ വെച്ചായിരിക്കും കളിക്കുക.
ടൂർണമെന്‍റ് തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ വേദി മാറ്റുന്നത് പ്രായോഗികമായി പ്രയാസമാണെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ പാകിസ്ഥാനിൽ നടക്കേണ്ട ചാമ്പ്യൻസ് ട്രഫി മത്സരങ്ങൾ ഇന്ത്യയുടെ ആവശ്യപ്രകാരം മാറ്റാൻ ഐസിസി തയാറായിരുന്നു. അതേ മാതൃകയിൽ ബംഗ്ലാദേശിന്‍റെ കാര്യത്തിലും ഐസിസി തീരുമാനം എടുത്തേക്കുമെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി ഏഴിന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്‍റെ ആദ്യ ലോകകപ്പ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!