
ദുബായ്: ഫ്രണ്ട് ഫൂട്ട് നോ ബോളുകള്‍ വിളിക്കുന്നതില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഐസിസി. ഫ്രണ്ട് ഫൂട്ട് നോ ബോളുകള്‍ വിളിക്കുന്നത് ടിവി അമ്പയറുടെ ചുമതലയാക്കുന്നതിനെക്കുറിച്ചാണ് ഐസിസി ആലോചിക്കുന്നത്. ആടുത്ത ആറു മാസത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ഏകദിന പരമ്പരകളില്‍ ഇത് നടപ്പാക്കും. വിജയമെന്ന് കണ്ടാല്‍ പരിഷ്കാരം എല്ലാ മത്സരങ്ങളിലും ബാധകമാക്കുമെന്ന് ഐസിസി ക്രിക്കറ്റ് ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ ജെഫ് അല്ലാര്‍ഡിസ് പറഞ്ഞു.
നിലവില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് മാത്രമെ ഫ്രണ്ട് ഫൂട്ട് നോ ബോള്‍ വിളിക്കാനാവുകയുള്ളു. സംശയം ഉണ്ടെങ്കില്‍ മാത്രമാണ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ടിവി അമ്പയറുടെ സഹായം തേടുക. പുതിയ പരിഷ്കാരം നിലവില്‍ വരുമ്പോള്‍ ഒരു ബൗളര്‍ പന്തെറിഞ്ഞ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ അത് നോ ബോളാണോ എന്ന് ദൃശ്യങ്ങളുടെ സഹായത്തോടെ ടിവി അമ്പയര്‍ പരിശോധിക്കുകയും നോ ബോളാണെങ്കില്‍ ഇക്കാര്യം ഓണ്‍ ഫീല്‍ഡ് അമ്പയറെ അറിയിക്കുകയും ചെയ്യും.
ഫ്രണ്ട് ഫൂട്ട് നോ ബോളുകള്‍ പരിശോധിക്കേണ്ട സാഹചര്യം ഒഴിവാകുന്നതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് കൂടുതല്‍ കൃത്യതയോടെ എല്‍ബിഡബ്ല്യു അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകുമെന്നാണ് കരുതുന്നത്. ഫ്രണ്ട് ഫൂട്ട് നോ ബോളുകള്‍ പലതും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ കാണാതെ പോകുന്നത് മത്സരഫലത്തെപ്പോലും സ്വാധീനിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണ് ഐസിസി പുതിയ പരിഷ്കാരത്തിന് ഒരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!