മൊബൈലില്‍ വിളിക്കണമെങ്കില്‍ മരത്തില്‍ കയറണം; സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ അമ്പയര്‍

By Web TeamFirst Published Apr 10, 2020, 9:02 PM IST
Highlights

ഇവിടെ ഫോണിന് റേഞ്ചോ ഇന്റര്‍നെറ്റ് സൌകര്യങ്ങളോ ഒന്നും തന്നെയില്ല. ഫോണ്‍ വിളിക്കാനോ ഇന്റര്‍നെറ്റ് കിട്ടാനോ ഒന്നുകില്‍ ടെറസിന്റെ മുകളില്‍ കയറണം, അല്ലെങ്കില്‍ മരത്തിന് മുകളില്‍ വലിഞ്ഞു കയറണം. അതും എപ്പോഴും നെറ്റ് വര്‍ക്ക് ലഭ്യമാകില്ല.

ലക്നോ‍: മൊബൈല്‍ ഫോണില്‍ ആരെയെങ്കിലും വിളിക്കണമെങ്കില്‍ മരത്തില്‍ വലിഞ്ഞു കയറേണ്ട ഗതികേടിലാണെന്നും അധികൃതര്‍ എത്രയും വേഗം സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഐസിസി ഇന്റര്‍ നാഷണല്‍ പാനലിലുള്ള ഇന്ത്യന്‍ അമ്പയറായ അനില്‍ ചൌധരി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അമ്പയറായിരുന്നു അനില്‍ ചൌധരി. പരമ്പര റദ്ദാക്കിയതോടെ തന്റെ പൂര്‍വി‍കര്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശിലെ ഷാമ് ലി ജില്ലയിലുള്ള ഡാംഗ്രോളിലേക്ക് പോയതാണ് അനില്‍ ചൌധരിയും അദ്ദേഹത്തിന്റെ രണ്ട് മക്കളും.

ഉള്‍പ്രദേശമായ ഇവിടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗങ്ങളുമില്ലെന്നാണ് അനില്‍ ചൌധരി പറയുന്നത്. ഡല്‍ഹിയിലുള്ള ഭാര്യയെയും അമ്മയെയും ഫോണില്‍ ബന്ധപ്പെടണമെങ്കില്‍ പോലും വലിയ മരത്തില്‍ വലിഞ്ഞു കയറി ഫോണ്‍ വിളിക്കേണ്ട അവസ്ഥയാണ്. മാര്‍ച്ച് 16നാണ് ഇവിടെയെത്തിയത്. ഒരാഴ്ച തങ്ങിയിട്ട് തിരിച്ചുപോവാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അതിനിടെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു.

ഇവിടെ ഫോണിന് റേഞ്ചോ ഇന്റര്‍നെറ്റ് സൌകര്യങ്ങളോ ഒന്നും തന്നെയില്ല. ഫോണ്‍ വിളിക്കാനോ ഇന്റര്‍നെറ്റ് കിട്ടാനോ ഒന്നുകില്‍ ടെറസിന്റെ മുകളില്‍ കയറണം, അല്ലെങ്കില്‍ മരത്തിന് മുകളില്‍ വലിഞ്ഞു കയറണം. അതും എപ്പോഴും നെറ്റ് വര്‍ക്ക് ലഭ്യമാകില്ല. ഇതൊന്നുമല്ലെങ്കില്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോണം.  ഇന്‍റന്‍നെറ്റ് ലഭ്യമാകാത്തത് മകന്റെ പഠിത്തത്തെയും ബാധിക്കുന്നുണ്ടെന്നും ഐസിസിയുടെ അമ്പയര്‍മാര്‍ക്കുള്ള ക്ലാസുകളില്‍ തനിക്ക് പങ്കെടുക്കാനാവുന്നില്ലെന്നും ചൌധരി പറഞ്ഞു. 

ഡല്‍ഹിയില്‍ നിന്ന് 100 കിലോ മീറ്ററേ  ഉള്ളൂവെങ്കിലും ഇവിടെ നെറ്റ് വര്‍ക്ക് ഇല്ലാതായിട്ട് ഒരുവര്‍ഷത്തിലേറെ ആയെന്നും ചൌധരി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്രാമമുഖ്യന്‍ ജില്ലാ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ട് 10 ദിവസമായെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും ചൌധരി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ 20 ഏകദിനങ്ങളും 27 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുള്ള അമ്പയറാണ് അനിൽ ചൗധരി. 

click me!