
ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ഏകദിന ലോകകപ്പില്‍(ICC Women's World Cup) ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസിന്‍റെ പേസറായ ഷാമിലിയ കോണല്‍(Shamilia Connell ) ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. ബംഗ്ലാദേശ് ഇന്നിംഗ്സിന്‍റെ 47-ാം ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു 29കാരിയായ കോണല്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണത്. സഹതാരങ്ങളും മെഡിക്കല്‍ ടീമും ഉടന്‍ സമീപത്ത് പാഞ്ഞെത്തി. മെഡിക്കല്‍ സംഘം കോണലിന് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ എഴുന്നേറ്റ് നിന്ന കോണല്‍ വയറില്‍ കൈ അമര്‍ത്തി നടന്നാണ് കയറിയത്. താരം കുഴഞ്ഞുവീഴാനുള്ള കാരണം വ്യക്തമല്ല. കോണല്‍ ടൂര്‍ണമെന്‍റില്‍ തുടര്‍ന്നും കളിക്കുമോ എന്ന കാര്യത്തിലും ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളില്ല. കോണലിനെ മെഡിക്കല്‍ സംഘം പരിശോധിച്ചുവരികയാണെന്നും അവര്‍ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ മത്സരശേഷമുള്ള സമ്മാനദാന ചടങ്ങില്‍ പറഞ്ഞു.
കോണല്‍ കുഴഞ്ഞു വീഴുമ്പോള്‍ 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 19 പന്തില്‍ 13 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ബാറ്റര്‍മാരായിരുന്നു ക്രീസില്‍. പൊരുതി നിന്ന നാഹിദ അക്ടറിലായിരുന്നു(25*) ബംഗ്ലാദേശിന്‍റെ പ്രതീക്ഷ. എന്നാല്‍ അവസാന ബാറ്ററായ ഫാരിഹ ട്രിസാനയെ(0) ക്ലീന്‍ ബൗള്‍ഡാക്കിയ ടെയ്‌ലര്‍ വിന്‍ഡീസിന് നാലു റണ്‍സിന്‍റെ ആവേശജയം സമ്മാനിച്ചു. മത്സരത്തില്‍ മൂന്നോവര്‍ മാത്രമാണ് ഷാമില കോണല്‍ ബൗള്‍ ചെയ്തത്. 15 റണ്‍സ് വഴങ്ങിയ കോണലിന് വിക്കറ്റൊന്നും ലഭിച്ചില്ല.
നാലു വിക്കറ്റ് വീഴ്ത്തിയ ഹെയ്‌ലി മാത്യൂസും മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ സ്റ്റാഫാനി ടെയ്‌ലറുമാണ് വിന്‍ഡീസിന് ആവേശജയം സമ്മാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!