ടി20 ലോകകപ്പിൽ റൺസ് പിന്തുടരുമ്പോൾ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന വിരാട് കോലിയുടെ റെക്കോർഡ് സഞ്ജു മറികടന്നു.
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ റെക്കോഡ് മറികടന്ന് സഞ്ജു സാംസണ്‍. ടി20 ലോകകപ്പില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയെന്ന റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. 50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 റണ്‍സാണ് ഇന്ത്യക്ക് സെമി ഫൈനല്‍ സ്ഥാനം നല്‍കിയത്. നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡിന്റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.
ഇക്കാര്യത്തില്‍ 2016 ലോകകപ്പില്‍ കോലി ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 82 റണ്‍സാണ് രണ്ടാം സ്ഥാനത്തായത്. മൂന്നും നാലും സ്ഥാനത്ത് കോലി തന്നെയാണ്. 2022ല്‍ പാകിസ്ഥാനെതിരെ പുറത്താവാതെ നേടിയ 82 റണ്‍സും ഇക്കൂട്ടത്തില്‍ വരും. 2012ല്‍ പാകിസ്ഥാനെതിരെ 78 റണ്‍സും കോലി നേടിയിരുന്നു. ഈ മത്സരത്തിലും കോലിയെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ല. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഒരു ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്.
2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 101 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. 2024ല്‍ ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ നേടിയ 92 റണ്‍സ് മൂന്നാം സ്ഥാനത്തായി. 2016ല്‍ വിന്‍ഡീസിനെതിരെ വിരാട് കോലി പുറത്താവാതെ നേടിയ 89 റണ്‍സ്, ഈ ലോകകപ്പില്‍ തന്നെ വാംഖഡെയില്‍ അമേരിക്കക്കെതിരെ സൂര്യകുമാര്‍ പുറത്താവാതെ നേടിയ 84 റണ്‍സും പട്ടികയില്‍ ഉള്‍പ്പെടും.
മത്സരത്തിന് ശേഷം സഞ്ജു തന്റെ സന്തോഷം പങ്കുവച്ചു. സഞ്ജുവിന്റെ വാക്കുകള്‍... ''ലോകം മുഴുവന്‍ ഞാനായതായി തോന്നുന്നു. കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍, ഞാന്‍ കാത്തിരുന്ന ദിവസമാണിത്. ഞാന്‍ കടപ്പെട്ടിരിക്കും. എന്റെ യാത്രയില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ സംശയിച്ചിരുന്നു. 'എന്ത് സംഭവിക്കും', 'എനിക്ക് സാധിക്കുമോ' എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് തുടര്‍ന്നു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്.'' സഞ്ജു പറഞ്ഞു.
